നാല് ദിവസം കൊണ്ട് ബാങ്കിൽ നിന്ന് മാറ്റിയത് 16 കോടിയിലധികം; മാനേജറുടെ ലോഗിൻ വിവരങ്ങൾ ഹാക്ക് ചെയ്ത് തട്ടിപ്പ് സംഭവം ന്യൂഡൽഹിയില്‍

news image
Jul 16, 2024, 7:04 am GMT+0000 payyolionline.in
ന്യൂഡൽഹി: ബാങ്ക് മാനേജറുടെ ലോഗിൻ വിവരങ്ങൾ ഹാക്ക് ചെയ്ത് വൻ തട്ടിപ്പ്. 16 കോടി രൂപ തട്ടിയെടുത്ത് പല അക്കൗണ്ടുകളിലേക്ക് മാറ്റിയ വിവരം ബാങ്ക് പോലും അറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം മാത്രമാണ്. ഷെഡ്യൂൾഡ് ബാങ്കായ നൈനിറ്റാൾ ബാങ്കിന്റെ നോയിഡ ശാഖയിലാണ് വൻ സൈബർ തട്ടിപ്പ് അരങ്ങേറിയത്.

89 അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള ബാങ്കിന്റെ ആർ.ടി.ജി.എസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) ചാനലിൽ നുഴഞ്ഞുകയറിയാണ് തട്ടിപ്പ് നടത്തിയത്. ജൂൺ 16നും 20നും ഇടയിൽ ആകെ 16.5 കോടി രൂപ ഇങ്ങനെ തട്ടിയെടുത്തതായി പിന്നീട് കണ്ടെത്തുകയായിരുന്നു.

ബാങ്കിന്റെ ഐ.ടി മാനേജർ സുമിത് കുമാർ ശ്രീവാസ്തവയാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ജൂൺ മാസത്തെ ബാലൻസ് ഷീറ്റ് അവലോകനം ചെയ്തപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടതെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. ജൂൺ 17ന് ബാലൻസ് ഷീറ്റിലെ ആർ.ടി.ജി.എസ് ഓഡിറ്റിൽ 3,60,94,020 രൂപയുടെ വ്യത്യാസം കണ്ടെത്തി. പല ദിവസങ്ങളിലെയും കണക്കുകൾ ശരിയാവാതെ വന്നപ്പോഴാണ് തട്ടിപ്പുകൾ ഓരോ ദിവസത്തേതും പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ വിവേക് രഞ്ജൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe