നാളെ വൈകിട്ടുവരെ അതിതീവ്ര മഴ; ജില്ലകളിൽ കണ്‍ട്രോൾ റൂമുകൾ തുറന്നു, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമെന്ന് മന്ത്രി

news image
Jul 16, 2024, 6:21 am GMT+0000 payyolionline.in
തൃശൂര്‍: സംസ്ഥാനത്ത് നാളെ വൈകിട്ട് വരെ അതിതീവ്ര മഴ മുന്നറിയിപ്പുണ്ടെന്നും എല്ലാ താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂമും ദുരിതാശ്വാസ കേന്ദ്രങ്ങളും തുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണ് തുറന്നത്.

എന്‍ഡിആര്‍എഫ് സംഗങ്ങളും സജ്ജമാണ്. മലയോര മേഖലയകളിലേക്കുള്ള യാത്ര നിരോധനം ആവശ്യമുണ്ടെങ്കില്‍ നടപ്പാക്കാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആറു ലക്ഷത്തിലധികം പേരെ മാറ്റി പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. മഴ ഏതെങ്കിലും തരത്തിലുള്ള വിനോദത്തിന്‍റെ അവസരമായി കണക്കാക്കരുതെന്നാണ് ജനങ്ങളോട് പറയാനുള്ളത്. ആത്മവിശ്വാസത്തിലാണെങ്കിലും ജലാശയത്തില്‍ ഇറങ്ങരുതെന്നും മലയോര മേഖലയില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

ഇതിനിടെ, സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം തുടരുകയാണ്. കോട്ടയം കുമ്മനം ഇളങ്കാവ് ദേവി ക്ഷേത്രത്തിന്‍റെ നടപന്തലിന് മുകളിലേക്ക് മരം വീണു വലിയ അപകടമുണ്ടായി.കനത്ത മഴയിലും കാറ്റിലും ആണ് സംഭവം. 500 വർഷം പഴക്കമുള്ള കാഞ്ഞിരമരം ആണ് കടപുഴകി വീണത്. സംഭവത്തില്‍ ആളപായമില്ല. മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണ് ബസ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ ജിഷ്ണുവിനാണ് പരിക്കേറ്റത്. മലപ്പുറം എടവണ്ണപ്പാറ പണിക്കരപുരയിലാണ് അപകടമുണ്ടായത്.

മലപ്പുറം താമരക്കുഴിയിൽ ഗുഡ്സ് ഓട്ടോയ്ക്ക് മുകളിൽ മരം വീണു ഡ്രൈവർക്ക് പരിക്കേറ്റു. മലപ്പുറം കുന്നുമ്മൽ സ്വദേശി അബ്ദുൾ ഹമീദിനാണ് പരിക്കേറ്റത്. തൊട്ടടുത്ത കെട്ടിടത്തിൽ നിന്നും സാധനങ്ങൾ കയറ്റി വന്ന വാഹനത്തിന് മുകളിലാണ് മരം ഒടിഞ്ഞു വീണത്. നിരവധി ഇലക്ട്രിക് പോസ്റ്റുകളും അപകടത്തിൽ ഒടിഞ്ഞു വീണു. ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി. പരിക്കേറ്റയാളെ പ്രാഥമിക ചികിത്സക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe