‘ഖരമാലിന്യം റെയിൽവേ സ്വന്തം നിലയിൽ സംസ്കരിക്കുന്നില്ല, ഉണ്ടെങ്കിൽ തെളിയിക്കട്ടെ’: വെല്ലുവിളിച്ച് മേയർ ആര്യ

news image
Jul 14, 2024, 3:17 pm GMT+0000 payyolionline.in

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനെ ചൊല്ലി റെയിൽവേയും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള പോര് മുറുകുന്നു. എഡിഎംആറിൻ്റെ വാദങ്ങൾ തള്ളി മേയർ ആര്യ രാജേന്ദ്രൻ രംഗത്തെത്തി. പിറ്റ് ലൈനിന് താഴെയുള്ള മാലിന്യങ്ങളുടെ ചുമതല റെയിൽവേയ്ക്ക് തന്നെയാണെന്നും റെയിൽവേയുടെ ഖരമാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുന്നുവെന്ന വാദം ശരിയല്ലെന്നും മേയർ പറ‌ഞ്ഞു. അങ്ങനെ ഖരമാലിന്യം സംസ്കരിക്കുന്നുണ്ടെങ്കിൽ നഗരസഭയ്ക്ക് മുന്നിൽ റെയിൽവേ തെളിയിക്കട്ടെയെന്ന് മേയർ വെല്ലുവിളിച്ചു. ടന്നലിൽ റെയിൽവേയുടെ ഖരമാലിന്യം നിക്ഷേപിക്കുന്നത് ഇന്നലെ നടത്തിയ തെരച്ചിൽ തന്നെ തെളിഞ്ഞിരുന്നു. ഭാവിയിൽ മാലിന്യ സംസ്കരണം സംബന്ധിച്ച് റെയിൽവേ മറുപടി പറയേണ്ടി വരുമെന്നും ആര്യ രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ടണൽ വൃത്തിയാക്കാൻ കോർപറേഷൻ അനുമതി ആവശ്യപ്പെട്ടെങ്കിലും ഒരു തവണ പോലും കത്ത് തന്നിട്ടില്ലെന്നായിരുന്നു എഡിആർഎം എം ആർ വിജിയുടെ വാദം. അനുവാദം ചോദിച്ചിട്ട് നൽകിയില്ലെന്ന മേയറുടെ വാദം പച്ചക്കള്ളമെന്നും എ‍ഡിആർഎം പറഞ്ഞു. റെയിൽവേയുടെ ഖര മാലിന്യം തോട്ടിൽ കളയുന്നില്ലെന്നാണ് റെയില്‍വേ വാദിക്കുന്നത്. വെള്ളം മാത്രമേ ഒഴുകി വിടുന്നുള്ളു. 2015, 2017, 2019 വർഷങ്ങളിൽ കോർപ്പറേഷനാണ് ഈ ഭാഗം ക്ലീൻ ചെയ്തത്. ഇത്തവണ കോർപ്പറേഷൻ അസൗകര്യം പറഞ്ഞപ്പോൾ നല്ല ഉദ്ദേശത്തോടെ റെയിൽവേ ഏറ്റെടുക്കുകയായിരുന്നു എന്നാണ് എം ആർ വിജി മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, റെയിൽവേയുടെ ഭാഗത്തുള്ള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപ്പറേഷനാണെന്നാണ് റെയിൽവേയുടെ നിലപാട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe