ഹാഥ്‌രസ് ദുരന്തം; മുഖ്യപ്രതി ഡൽഹിയിൽ കീഴടങ്ങി

news image
Jul 6, 2024, 4:40 am GMT+0000 payyolionline.in

ന്യൂഡൽഹി: യുപിയിലെ ഹാഥ്‌രസിൽ ആൾദൈവത്തിന്റെ ആത്മീയ പ്രഭാഷണത്തിനിടെ തിക്കിലും തിരക്കിലുംപെട്ട്‌  121 പേർ മരിച്ച സംഭവത്തിൽ മുഖ്യ പ്രതി കീഴടങ്ങി. മുഖ്യ സംഘാടകൻ ദേവ്‌പ്രകാശ്‌ മധുകറാണ് ഡൽഹിയിൽ കീഴടങ്ങിയത്. ഇന്നലെ രാത്രിയാണ് ഇയാൾ ഡൽഹി പൊലീസിനു മുന്നിൽ കീഴടങ്ങിയത്. പിന്നീട് ഇയാളെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. മധുകറിന്റെ അഭിഭാഷകനാണ് വിവരം അറിയിച്ചത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് മുമ്പ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പരിപാടിയുടെ സംഘാടകരായ ആറു പേരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ഹാഥ്‌രസ്‌, ഇറ്റാ ജില്ലകളുടെ അതിർത്തിയായ സിക്കന്ദ്രറാവു പട്ടണത്തിലെ രതിഭാൻപുർ ഗ്രാമത്തിൽ ആൾദൈവമായ ഭോലെ ബാബയുടെ സത്‌സംഗിനിടെയാണ് ദുരന്തമുണ്ടായത്. ഇരുപതിനായിരത്തിൽപ്പരം ആളുകളാണ് സത്‌സംഗിനായി എത്തിയിരുന്നത്. വേദിയിലേക്കും പുറത്തേക്കും ഒറ്റവഴി മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പ്രഭാഷണം അവസാനിച്ചയുടൻ ആളുകൾ വേഗം പുറത്തുകടക്കാൻ ശ്രമിച്ചതാണ്‌ അപകടത്തിലേക്ക്‌ നയിച്ചത്‌.

സംഭവത്തിനുശേഷം ഭോലെ ബാബയും ഭാര്യയും ഒളിവിൽപോയി. ഒളിവിൽപ്പോയ  ബാബ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിഞ്ഞുമാറി. ദുരന്തത്തിലേക്ക്‌ നയിച്ചത്‌ സാമൂഹ്യ വിരുദ്ധരാണെന്നാണ്‌ പ്രതികരണം. ഭോലെ ബാബയെ പൂർണ്ണമായും ഒഴിവാക്കിയും അനുയായികളെ ബലിയാടാക്കിയും കേസ്‌ ഒതുക്കിത്തീർക്കാനാണ് ആദിത്യനാഥ്‌ സർക്കാർ ശ്രമിക്കുന്നത്. പരിപാടിക്കുശേഷം ‘മേരേ ചരണോം കീ ധൂൾ ലോ’ (എന്റെ പാദസ്‌പർശമേറ്റ മണ്ണ്‌ സൂക്ഷിച്ചുകൊള്ളൂ) എന്ന്‌ ഭോലെ ബാബ ആഹ്വാനം ചെയ്‌തിരുന്നു. ഇതോടെ മണ്ണ്‌ ശേഖരിക്കാൻ ആളുകൾ തിരക്ക്‌ കൂട്ടിയതാണ്‌ ദുരന്തത്തിന്‌ ഇടയാക്കിയതെന്ന്‌ ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്‌. എന്നാൽ ആൾദൈവത്തെ പിടികൂടുന്നതിനുപകരം പരിപാടിക്ക്‌ അനുമതിതേടി അപേക്ഷ നൽകിയ അനുയായികളുടെ പേരിൽ മാത്രമാണ്‌ പൊലീസ്‌ കേസെടുത്തത്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe