രോഗികള്‍ക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർ, അനുബന്ധ പാരാ മെഡിക്കല്‍ ജീവനക്കാർ, രോഗനിര്‍ണയം നടത്തുന്ന ലാപ്രോസ്കോപ്പി, എന്‍ഡോമെട്രിയല്‍ അഡീഷനുകള്‍ക്കായി പെല്‍വിക് അവയവങ്ങള്‍, ദൃശ്യപരമായി പരിശോധിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നതിനുള്ള യന്ത്രങ്ങൾ എന്നിവയൊന്നും ഇതുവരെ അനുവദിച്ചിട്ടില്ല. വന്ധ്യതാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രത്യുത്പാദന വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കുന്നതിനും താരതമ്യേന കുറഞ്ഞ നിരക്കില്‍ സാധരണക്കാര്‍ക്ക് പ്രയോജന പ്രദമായ ഈ സംവിധാനം നിരവധി ആളുകളാണ് ഉറ്റുനോക്കുന്നത്. സ്ത്രീ വന്ധ്യതയുടെ കാരണങ്ങളായ പോളിസിസ്റ്റിക്ക് ഓവേറിയന്‍ സിന്‍ഡ്രോം, ഗര്‍ഭാശയ മുഴകള്‍, പോളിസിസ്റ്റിക് ഓവറി, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ആര്‍ത്തവ ക്രമക്കേടുകള്‍ തുടങ്ങിയവയ്ക്ക് ഇവിടെ മികച്ച ചികിത്സ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്.
മാനസികവും ശാരീരികവുമായി മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ ചികിത്സകൊണ്ട് ഒരു നിശ്ചിത ശതമാനം ആളുകളുടെ വന്ധ്യതാ പ്രശ്നത്തിനു വേഗത്തില്‍ പരിഹാരം കാണാന്‍ കഴിയും. ചികിത്സയ്ക്ക് വന്‍ തുക വാങ്ങിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ഇടപെടൽ കാരണമാണ് മെഡിക്കല്‍ കോളജിലെ വന്ധ്യതാകേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ വൈകുന്നതെന്ന് ആരോപണമുണ്ട്.