വിനീത കൊലക്കേസ്; രാജേന്ദ്രനെ ഭയന്ന് സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്ന് കെട്ടിട ഉടമ

news image
Jul 2, 2024, 2:51 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിനീത കൊലക്കേസിലെ പ്രതിയും കന്യാകുമാരി വള്ളമഠം സ്വദേശിയുമായ രാജേന്ദ്രനെ ഭയന്ന് അയാളുടെ മുറിക്കു സമീപത്ത് ആരും താമസിച്ചിരുന്നില്ലെന്നു സാക്ഷി മൊഴി. കാവല്‍കിണര്‍ സ്വദേശി രാജദുരൈയാണ് ഏഴാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനന് മുന്നില്‍ മൊഴി നല്‍കിയത്.

2017ല്‍ തമിഴ്‌നാട് ആരുവാമൊഴി സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യയെയും ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണു പ്രതി രാജദുരൈയുടെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചിരുന്നത്. 2021 ഡിസംബറില്‍ തിരുവനന്തപുരത്ത് ജോലി അന്വേഷിച്ചു പോകുന്നു എന്നു പറഞ്ഞു പോയ പ്രതി 2022 ഫെബ്രുവരി 10ന് എത്തി 9000 രൂപ വാടക ഇനത്തില്‍ തന്നു. 11ന് കേരള പൊലീസ് എത്തി രാജേന്ദ്രനെ പിടികൂടുകയും രാജേന്ദ്രന്റെ മുറി പരിശോധിക്കുകയും ചെയ്തു. മുറിയില്‍നിന്ന് ഭാരത് ഫൈനാന്‍സില്‍ സ്വര്‍ണ്ണം പണയം വച്ച കാര്‍ഡും തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സിച്ച രേഖകളും കണ്ടെടുത്തു. രാജേന്ദ്രന്‍ തനിക്കു നല്‍കിയ വാടക പൊലീസിനു മുമ്പിൽ ഹാജരാക്കിയതായും സാക്ഷി മൊഴി നല്‍കി.

2022 ഫെബ്രുവരി ഏഴിനു വൈകുന്നേരം മൂന്നു മണിക്ക് ബാങ്കില്‍ എത്തിയ രാജേന്ദ്രന്‍ 32,000 രൂപ സൗരായ സേതു മാര്‍ക്കറ്റിങ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപിച്ചു. വലതു കയ്യിൽ പരുക്ക് ഉണ്ടായിരുന്നതിനാല്‍ ബാങ്കില്‍ എത്തിയ മറ്റൊരു ഇടപാടുകാരനെ കൊണ്ടാണു പേയിങ് സ്ലിപ്പ് എഴുതിച്ചതെന്നും തിരുനല്‍വേലി പെരുങ്കുഴി ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ മയില്‍ വാഹനനും കോടതിയില്‍ മൊഴി നല്‍കി. രാജേന്ദ്രന്‍ ബാങ്കില്‍ വരുന്നതും ഇടപാട് നടത്തുന്നതുമടക്കം 19 സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചതു സാക്ഷി കണ്ടു തിരിച്ചറിഞ്ഞു. രാജേന്ദ്രന്‍ പണം അടയ്ക്കാന്‍ ഉപയോഗിച്ച പേയിങ് സ്ലിപ്പ്, മാനേജര്‍ കോടതിയില്‍ ഹാജരാക്കി.

2022 ഫെബ്രുവരി ആറിനാണ് പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവള്ളികോണത്ത് സ്വദേശിനിയുമായ വിനീതയെ പ്രതി കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുള്ള മാല എടുക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe