കൊച്ചി: മാടവനയിൽ അപകടത്തിൽപ്പെട്ട കല്ലട ബസ് പരിശോധിച്ച എംവിഡി കണ്ടെത്തിയത് ഗുരുതര പിശകുകൾ. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിൻ്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ബസ് അമിത വേഗതയിലായിരുന്നെന്നും പരിശോധന നടത്തിയ മോട്ടർ വെഹിക്കൾ ഇൻസ്പെക്ടർ കെ. മനോജ് വ്യക്തമാക്കി.
അതേ സമയം, മാടവനയിൽ ദേശീയപാതയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിൽ കല്ലട ബസിന്റെ ഡ്രൈവർ പാൽപ്പാണ്ടിയുടെ അറസ്റ്റ് പനങ്ങാട് പൊലീസ് രേഖപ്പെടുത്തി. നട്ടെല്ലിന്നേറ്റ പരിക്കിനെ തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെയാണ് കൊച്ചി മാടവനയിൽ ദേശീയപാതയിൽ അന്തർസംസ്ഥാന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേറ്റൽക്കുകയുമുണ്ടായത്. നിയന്ത്രണം വിട്ട ബസ് തെന്നിമറിഞ്ഞ് മുകളിലേക്ക് വീണാണ് ബൈക്ക് യാത്രക്കാരനായ ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ മരിച്ചത്. സിഗ്നലിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് ബസ് മറിയാൻ കാരണം. ഇന്നലെ രാവിലെ പത്തുമണിയോടെ ബംഗലൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്.
മാടവന സിഗ്നനലിൽ എത്തിയപ്പോൾ പെട്ടെന്ന് ബ്രേക്കിട്ടതോടെ തെറ്റിമാറി മറിയുകയായിരുന്നു. സിഗ്നൽ ജംങ്ഷനിൽ മറുവശത്തേക്ക് പോകാൻ ബൈക്കിൽ കാത്തു നിന്നിരുന്ന ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യന്‍റെ മുകളിലേക്കാണ് ബസ് വന്നുവീണത്. ബസിലുണ്ടായിരുന്ന 32 യാത്രക്കാരും ഒരു വശത്തേക്ക് വീണു. ഓടിക്കൂടിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്തത്. പൊലീസ് ഫയർ ഫോഴ്സും എത്തിയാണ് ബസിനിടയിൽ കുടുങ്ങിക്കിടന്ന ജിജോ സെബാസ്റ്റ്യനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണമടഞ്ഞു.