നാളെ വിദ്യാഭ്യാസ ബന്ദ്, പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ പരിഹാരമില്ലെങ്കിൽ അനിശ്ചിതകാല സമരം ആലോചനയിലെന്ന് കെഎസ്‍യു

news image
Jun 24, 2024, 3:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നീക്കം. ഇതിന്‍റെ ആദ്യ പടിയെന്ന നിലയിലാണ് നാളെ സംസ്ഥാന വ്യാപകമായി കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ കെ എസ് യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിട്ടുണ്ട്. കെ എസ്‍ യുവിനൊപ്പം എം എസ് എഫും ശക്തമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നൽകുന്നത്.

പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാറിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിൽ സർക്കാർ അനങ്ങുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധമിരമ്പിയത്. കൊല്ലത്ത് കളക്ടറേറ്റിലേക്ക് കെ എസ് യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡും മതിലും മറികടന്ന് കളക്ടറേറ്റ് കോമ്പൗണ്ടിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ കണ്ണീർ വാതകം പ്രയോഗിച്ചു. സീറ്റ് പ്രതിസന്ധി ഏറെയുള്ള മലപ്പുറത്തായിരുന്നു വലിയ പ്രതിഷേധം. എം എസ് എഫ് , കെ എസ് യു പ്രവർത്തകർ ആർ ഡി ഡി ഓഫീസിലേക്ക് മാർച്ച് നടത്തി ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തത് നീക്കി. ഫ്രട്ടേണിറ്റി പ്രവർത്തകർ മലപ്പുറം പെരിന്തൽമണ്ണ റോഡ് ഉപരോജിച്ചു. വനിത പ്രവർത്തകർ മിന്നൽ ഉപരോധം നടത്തിയതോടെ അരമണിക്കൂർ ഗതാഗത തടസ്സവുമുണ്ടായി.

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ആവർത്തിക്കുന്നതിനിടെ എസ് എഫ് ഐയും സമരത്തിനിറങ്ങിയത് ശ്രദ്ധേയമായി. മലപ്പുറം കളക്ട്രേറ്റിലേക്കായിരുന്നു എസ് എഫ് ഐയുടെ മാർച്ച്. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് എസ് എഫ് ഐ സംസ്ഥാന നേതാവായ അഫ്സൽ പറഞ്ഞു. അതേസമയം എസ് എഫ് ഐ സമരത്തെ വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു. കാര്യങ്ങൾ അറിയാതെയാണ് എസ് എഫ് ഐ പ്രതിഷേധമെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe