കണ്ണീർക്കടലായി കേരളം; സ്റ്റെഫിന്റെയും ശ്രീഹരിയുടെയും ഷിബുവിന്റെയും മൃതദേഹങ്ങൾ മോർച്ചറിയിൽ; സംസ്കാരം പിന്നീട്

news image
Jun 14, 2024, 4:19 pm GMT+0000 payyolionline.in

കോട്ടയം: കുവൈത്ത് ദുരന്തത്തിൽ മരിച്ച കോട്ടയം സ്വദേശികളായ മൂന്നുപേരുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും. ഷിബു വർഗീസിനെയും ശ്രീഹരി പ്രദീപിന്റെയും സംസ്കാരം ഞായറാഴ്ചയാണ്. അതിവൈകാരികമായാണ് മൂന്നുപേരുടെയും മൃതദേഹം ബന്ധുക്കളും നാട്ടുകാരും ഏറ്റുവാങ്ങിയത്.

വിദേശത്തുനിന്ന് ചിരിച്ചു കളിച്ച് നാട്ടിലെത്തേണ്ടവരുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങേണ്ടി വന്നത് ഉൾക്കൊള്ളാൻ കഴിയുന്നില്ല നാട്ടുകാർക്കും ബന്ധുക്കൾക്കും. പ്രിയപ്പെട്ടവരുടെ ഇങ്ങനെ ഒരു മടക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. വിമാനത്താവളത്തിൽ നിന്ന് മൂന്നു പേരുടെയും മൃതദേഹം നേരെ മോർച്ചറിയിലേക്കാണ് എത്തിച്ചത്. പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ മൃതദേഹം മാങ്ങാനം മന്ദിരം ആശുപത്രിയിലും ശ്രീഹരിയുടെ മൃതദേഹം തുരുത്തിയിലെ ആശുപത്രിയിലും ഷിബു വർഗീസിന്റെത് തിരുവല്ലയിലും ആണ് സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രികളിൽ മൃതദേഹം എത്തുന്നതിനു മുമ്പ് തന്നെ മൂന്ന് പേരെയും കാണാൻ നിരവധി ആളുകളാണ് തടിച്ചു കൂടിയത്.

തിങ്കളാഴ്ച രാവിലെ മോർച്ചറിയിൽ നിന്ന് എടുക്കുന്ന സ്റ്റെഫിൻ എബ്രഹാമിന്റെ മൃതദേഹം കുടുംബം നിലവിൽ വാടകക്ക് താമസിക്കുന്ന വീട്ടിലും പുതുതായി നിർമ്മാണത്തിലിരിക്കുന്ന വീട്ടിലും പൊതുദർശനത്തിന് വെക്കും. ഒൻപതാം മൈൽ ഐപിസി പള്ളിയിൽ ആണ് സംസ്ക്കാരം. ഞായറാഴ്ച രാവിലെ ശ്രീഹരിയുടെയും ഷിബുവിന്റെയും മൃതദേഹം മോർച്ചറിയിൽ നിന്നും വീട്ടിലെത്തിക്കും. ശ്രീഹരിയുടെ സംസ്കാരം വീട്ടുവളപ്പിലും പായിപ്പാട് പള്ളിയിലുമാണ്.

ശ്രീഹരിയുടെ സംസ്കാരം നാളെ നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കാനഡയിലുള്ള സഹോദരൻ എത്താൻ വൈകുന്നതുകൊണ്ടാണ് സംസ്കാരം മാറ്റിവെച്ചത്. സഹോദരൻ ആരോമൽ എത്താനിരുന്ന എയർ ഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതാണ് പ്രതിസന്ധി. മന്ത്രി വി എൻ വാസവൻ, ജോബ് മൈക്കിൾ എംഎൽഎ ജില്ലാ കളക്ടർ എന്നിവർ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe