അവയവക്കച്ചവടത്തിന് മനുഷ്യക്കടത്ത്: പിന്നിൽ 50 പേരുള്ള കുറ്റവാളി സംഘം; പിടിയിലായത് 2 മലയാളികളടക്കം 3 പേർ മാത്രം

news image
Jun 4, 2024, 3:58 am GMT+0000 payyolionline.in

കൊച്ചി: രാജ്യാന്തര അവയവക്കച്ചവടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘം. 2 മലയാളികളും ആന്ധ്ര സ്വദേശിയും ഉൾപ്പെടെ സംഘത്തിലെ 3 പേരാണ് ഇതുവരെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇറാനിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് അവയവക്കച്ചവടം നടത്തുന്ന കൊച്ചി സ്വദേശി മധുവിനെ കണ്ടെത്താൻ രാജ്യാന്തര കുറ്റാന്വേഷണ ഏജൻസികളുടെ സഹായം തേടിയിട്ടുണ്ട്.

ബ്രോക്കർമാരായ തൃശൂർ വലപ്പാട് സ്വദേശി സബിത്ത്, ആലുവ എടത്തല സ്വദേശി സജിത്ത് ശ്യാം, ഹൈദരാബാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഏജന്റായ ബല്ലംകൊണ്ട രാമപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. സബിത്ത്, സജിത്ത് എന്നിവരുടെ ചോദ്യം ചെയ്യൽ അവസാനിച്ച ശേഷം അന്വേഷണ സംഘം രാമ പ്രസാദിനെ കസ്റ്റഡ‍ിയിൽ വാങ്ങും. അറസ്റ്റിലായ മലയാളികളെക്കാൾ രാജ്യാന്തര അവയവക്കച്ചവട സംഘത്തിന്റ ഉള്ളറകൾ അറിയുന്ന ആളാണ് രാമ പ്രസാദ്. കേരളത്തിനു പുറമേ, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ജമ്മു, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും വ്യാപിച്ചുകിടക്കുന്ന കണ്ണികളാണ് അവയവക്കച്ചവട സംഘത്തിനുള്ളത്.

രാമപ്രസാദിന്റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘത്തിലേക്കു കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലീകരിക്കും. അന്വേഷണത്തിന്റെ രണ്ടാംഘട്ടം റാക്കറ്റിന്റെ ഭാഗമായ സ്ഥാപനങ്ങളിൽ‌ കേന്ദ്രീകരിക്കും. ഇൻഷുറൻസ് കമ്പനികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിലും അവയവക്കച്ചവട സംഘത്തിനു പങ്കാളികളുണ്ട്.

യൂറോപ്പിനെക്കാൾ കുറഞ്ഞ ചെലവിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്താൻ ഏഷ്യയിൽ കഴിയും. ഇതാണ് ഇറാൻ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കു രാജ്യാന്തര അവയവക്കച്ചവടം വ്യാപിക്കാൻ കാരണം. ഇറാനിലാകട്ടെ അവയവക്കച്ചവടം കുറ്റകരവുമല്ല.

മെഡിക്കൽ ഇൻഷുറൻസ് പോളസിയെടുത്തവരെ വിദേശകമ്പനികൾ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കേരളത്തിലെ ആശുപത്രികളിലും എത്തിക്കാറുണ്ട്. സംസ്ഥാന സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ളവരെ പോലും പിന്തള്ളിയാണു വിദേശികൾക്കു കേരളത്തിൽ അവയവമാറ്റം നടത്തുന്നതെന്നും പരാതിയുണ്ട്. അവയവക്കച്ചവട സംഘത്തിന്റെ കെണിയിൽപെട്ട തൃശൂർ, പാലക്കാട്, ആലപ്പുഴ ജില്ലകളിലെ ഇരകളും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe