കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ വിധിക്കപ്പെട്ട വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പറയും. ഉച്ച കഴിഞ്ഞ് 1.45ന് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറയുക. കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കാമുകി അനുശാന്തിയുടെ ഹർജിയിലും കോടതി വിധി പറയും.
കേസിലെ ഒന്നാം പ്രതിയായ നിനോയുടെ വധശിക്ഷ ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. 2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്.
ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗം തുഷാറത്തില്‍ തങ്കപ്പന് ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), ചെറുമകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യുവും അനുശാന്തിയും അനുശാന്തിയുമായി ഒരുമിച്ചു ജീവിക്കാനുള്ള തടസ്സങ്ങൾ ഒഴിവാക്കാനായിരുന്നു മുത്തശ്ശിയേയും പേരക്കുട്ടിയേയും കൊലപ്പെടുത്തിയത്. ഇരുവരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തുകയും നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിക്കുകയും ചെയ്തു. നിനോയുടെ ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു.