കഴിഞ്ഞ മൂന്ന് കേരളസഭകളിലെ നിര്‍ദ്ദേശങ്ങളില്‍ എത്രയെണ്ണം നടപ്പാക്കി,സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കെപിസിസി

news image
May 15, 2024, 9:47 am GMT+0000 payyolionline.in

തിരുവനന്തപുരം: ഒഐസിസി-ഇന്‍കാസിന്‍റെ  വിവിധ രാജ്യങ്ങളിലെ ചുമതല വഹിക്കുന്ന കെപിസിസി ഭാരവാഹികളുടെ യോഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയില്‍  ചേര്‍ന്നു.കഴിഞ്ഞ മൂന്ന് കേരളസഭകളിലായി  280 ഓളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതില്‍ എത്രയെണ്ണം നടപ്പാക്കിയെന്ന് സര്‍ക്കാര്‍ വിശദീകരിക്കുകയും ഇത് സംബന്ധിച്ച് ധവളപത്രം ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍  ലോകകേരള സഭയ്ക്ക് കഴിയുന്നില്ല. അതുകൊണ്ട് ഒഐസിസി ഇന്‍കാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും പരിഹാരം കാണാനുമുള്ള വേദിയായി  പ്രവാസികള്‍ കേരള സഭയെ കാണുമ്പോള്‍, അവരെ സഹായിക്കാതെ അവരുടെ മറവില്‍ ധൂര്‍ത്ത് നടത്തുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്‍ കേരള സഭയുടെ പേരില്‍ വ്യാപക പണപ്പിരവ് നടത്തി കീശവീര്‍പ്പിക്കകയും ഭക്ഷണത്തിനും താമസത്തിനുമായി കോടികള്‍ ഖജനാവില്‍ നിന്ന് ഒഴുക്കുകയും ചെയ്തു. കഴിഞ്ഞ  ലോകകേരള സഭയില്‍ ലഭിച്ച 67 നിര്‍ദ്ദേശങ്ങളെല്ലാം വെള്ളത്തില്‍ വരച്ചത് പോലെ മാഞ്ഞുപോയി.ഒരിക്കലും നടത്താന്‍ സാധിക്കാത്ത മോഹനവാഗ്ദാനങ്ങള്‍ നിരത്തി മുഖ്യമന്ത്രിയും ഇടതുസര്‍ക്കാരും പ്രവാസികളെ വഞ്ചിക്കുന്നതല്ലാതെ ഒരു പ്രയോജവും കേരളസഭകൊണ്ടില്ല.

ബഡ്ജറ്റ് എയര്‍,പ്രവാസി യൂണിവേഴ്‌സിറ്റി, പ്രവാസി പുനരധിവാസം,എന്‍ആര്‍ഐ കണ്‍സ്ട്രഷന്‍ കമ്പനി,പ്രവാസി ബാങ്ക് പോലുള്ള പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും കടലാസില്‍ മാത്രമാണുള്ളത്. കേരള സഭയുടേയും മേഖലാ സമ്മേളനങ്ങളുടേയും ചെവാക്കിയ തുകയുടെ കണക്കുകള്‍ ഓഡിറ്റിംഗ് വിധേയമാക്കിയാല്‍ ധൂര്‍ത്തിന്റെ ആഴം വ്യക്തമാകും. ലോക കേരള സഭകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന സര്‍ക്കാരിന്റെയും നോര്‍ക്കയുടേയും പക്കല്‍  പ്രവാസികളുടെ കൃത്യമായ കണക്കോ, കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കണക്കോ ഇല്ലെന്നും യോഗം കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe