കൊയിലാണ്ടി: നന്തി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനിടെ മഴ പെയ്തതാേടെ ഏതാനും വീട്ടുകാരുടെ വഴി തടസപ്പെട്ടു. പുളിയഞ്ചേരി എം.ജി.എൻ. നഗറിന് സമീപം മെയിൻ കനാലിന് കുറുകെ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ബൈപ്പാസില്‍ നിരുഭാഗത്തും കൂറ്റൻ കോൺക്രീറ്റ് ഭിത്തി നിർമ്മിച്ചതോടെയാണ് ഏതാനും വീട്ടുകാരുടെ വഴിയടയുന്നത്.
വഴി ഉറപ്പാക്കണമെന്നാവശ്യപ്പട്ട് നാട്ടുകാർ നേരത്തെ നിർമ്മാണ പ്രവൃത്തി തടഞ്ഞിരുന്നു. ഇവർ ഉപയോഗിച്ചു വന്ന റോഡിൻ്റെ ഭാഗം ഒഴിവാക്കിയായിരുന്നു ഭിത്തി നിർമ്മിച്ചത്. നാട്ടുകാർക്ക് ബൈപ്പാസിൽ കയറി യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നു. ബദൽ റോഡിനുള്ള സ്ഥലം വില കാെടുത്ത് വാങ്ങിയെങ്കിലും വൈദ്യുതി തൂൺമാറ്റാതെ വാഹനഗതാഗതം സാധ്യമാവില്ലെന്ന സ്ഥിതിയായി.
എന്നാൽ ഒഴിച്ചിട്ട ഭാഗത്ത് കൂടി ഭിത്തി നിർമ്മിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് കരാർ കമ്പനി അധികൃതർ സ്ഥലത്തെത്തി ചർച്ച നടത്തി. യാത്രാ പ്രശ്നം പരിഹരിച്ച ശേഷമേ ഭിത്തി നിർമ്മാണം നടത്തുകയുള്ളുവെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ ആദ്യ മഴയിൽ തന്നെ രണ്ട് വഴിയിലും ചെളി നിറഞ്ഞ് നടന്ന് പാേകാൻ പാേലും പറ്റാത്ത സ്ഥിതിയിലായി.