എന്നാൽ പൊതുവെ വരൾച്ചയും ചൂടും കൂടിയിരിക്കുന്നത് കേരളത്തിന്റെ വടക്കൻ ജില്ലകളിലാണ്. ഈ ഭാഗങ്ങളിൽ വേനൽ മഴ കുറവായിരുന്നു. കാലവർഷവും പരിമിതമായിരുന്നു. തെക്ക് കിഴക്കൻ അറബിക്കടലിൽ താപനില ഉയർന്നിരിക്കയാണ്. ഇതു പോലെ കായലുകളുടെയും തുറന്ന ജലാശയങ്ങളുടെയും സാമീപ്യവും കൊല്ലം പോലുള്ള ജില്ലകളിൽ താപനില ഉയരാൻ ഇടയാക്കുന്നു.
തൃശൂര്‍ ജില്ലയിൽ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും.
എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരും. ഇത് സാധാരണ അന്തരീക്ഷ താപനിലയേക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് അധികമാണ്.
എൽനിനോ പ്രതിഭാസം കാരണമാണ് ചൂട് വർധിച്ചു കൊണ്ടിരിക്കുന്നത്. അനുകൂല സാഹചര്യം രൂപപ്പെടുത്തി മഴയിലേക്ക് നയിക്കുന്ന ലാനിന പ്രതിഭാസം ഏപ്രിലോടെ രൂപപ്പെടും എന്നാണ് പ്രതീക്ഷ.
വരുംദിവസങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ അടുത്തദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉഷ്ണതരംഗം ഏറ്റവും രൂക്ഷമാകുകയും കൂടുതല്‍ ദിവസങ്ങളില്‍ അനുഭവപ്പെടുകയും ചെയ്യുന്നത്.