ഇ.ഡി അന്വേഷണം ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി -എം.എം. ഹസന്‍

news image
Mar 28, 2024, 11:58 am GMT+0000 payyolionline.in

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍. നീതിമാനായ ഉമ്മന്‍ ചാണ്ടിയെ 2016ല്‍ അധികാരമേറ്റ അന്നു മുതല്‍ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സി.ബി.ഐയെയും ഉപയോഗിച്ച് പിണറായി വിജയന്‍ വേട്ടയാടി. തുടര്‍ന്നാണ് അദ്ദേഹം രോഗഗ്രസ്തനായതും അകാല മരണം വരിച്ചതെന്നും ഹസൻ ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ മക്കള്‍ക്കെതിരേ നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡി.ജി.പി രാജേഷ് ദിവാന്‍, എ.ഡി.ജി.പിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ പരാതി എഴുതിവാങ്ങി സി.ബി.ഐ അന്വേഷണത്തിനു വിട്ടത്.

സോളാര്‍ കമീഷന് പല തവണ കാലാവധി നീട്ടിക്കൊടുത്ത് ആ രീതിയിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇത്രയും വ്യാപകമായ വേട്ടയാടല്‍ നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തി അതില്‍നിന്ന് പുറത്തുവരുകയും ജനഹൃദയങ്ങളില്‍ അമരത്വം നേടുകയും ചെയ്തു. ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടിവെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും എം.എം. ഹസന്‍ കൂട്ടിച്ചേര്‍ത്തു.

കരിമണല്‍ കമ്പനിയില്‍നിന്ന് വിതരണം ചെയ്ത 135 കോടിയുടെ മാസപ്പടിയില്‍ നൂറുകോടിയോളം കൈപ്പറ്റിയത് പി.വി എന്ന പിണറായി വിജയനാണ് എന്നാണ് ആദായനികുതി വകുപ്പിന്റെ ഇന്റരിംസെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത്. അതിലേക്കുള്ള അന്വേഷമാണ് യഥാര്‍ഥത്തില്‍ വരേണ്ടത്. അതിനു പകരം താരതമ്യേന ചെറിയ തുക കൈപ്പറ്റിയ മകളിലേക്ക് ഇ.ഡി അന്വേഷണം കേന്ദ്രീകരിക്കുന്നതു തന്നെ സംശയാസ്പദമാണ്. ഇതൊരു ഒത്തുതീര്‍പ്പിന്റെ ഭാഗമാണോയെന്ന് ആശങ്കയുണ്ടെന്ന് ഹസന്‍ പറഞ്ഞു.

ലാവ്‌ലിന്‍ കേസ്, സ്വര്‍ണക്കടത്തുകേസ്, ഡോളര്‍ കടത്തുകേസ്, ലൈഫ് മിഷന്‍ കേസ്, കരുവന്നൂര്‍ ഇ.ഡി കേസ്, മാസപ്പടി കേസ് എന്നിങ്ങനെ 7 കേസുകള്‍ക്കിടയിലും സുരക്ഷിതനായിരിക്കാന്‍ ഇന്ത്യയില്‍ പിണറായിക്കു മാത്രമേ കഴിയൂ. ഇതില്‍ ഏതെങ്കിലുമൊരു കേസ് ആത്മാർഥമായി അന്വേഷിച്ചാല്‍ പിണറായി അകത്തു പോകുമെന്ന് ഉറപ്പാണെന്നും കാലം അതിനു കാത്തിരിക്കുകയാണെന്നും എം.എം. ഹസന്‍ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe