ഭാര്യയെ സെക്കൻഡ് ഹാൻഡ് എന്ന് വിളിച്ചു; ഭർത്താവ് മൂന്നു കോടി നഷ്ടപരിഹാരവും ഒന്നര ലക്ഷം ജീവനാംശവും നല്‍കാൻ വിധി

news image
Mar 28, 2024, 11:48 am GMT+0000 payyolionline.in

മുംബൈ: ഭാര്യയെ സെക്കൻഡ് ഹാൻഡ് എന്ന് വിളിച്ചതിന് ഭർത്താവായിരുന്ന വ്യക്തി മൂന്നു കോടി രൂപ നഷ്ടപരിഹാരവും പ്രതിമാസം 1,50,000 രൂപ ജീവനാംശമായും നല്‍കണമെന്നും ബോംബെ ഹൈകോടതി. 2005 ലെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമാണ് ജസ്റ്റിസ് ശർമിള ദേശ്മുഖിന്റെ ഉത്തരവ്.

1994 ജനുവരിയിൽ കണ്ടുമുട്ടിയ ദമ്പതികൾ യു.എസിലാണ് വിവാഹിതരായത്. 2005ൽ ഇരുവരും മുംബൈയിലേക്ക് താമസം മാറ്റി. മൂന്നുവർഷത്തിനു ശേഷം ഭാര്യ അവരുടെ സ്വന്തം വീട്ടിലേക്കും 2014ൽ ഭർത്താവ് തിരികെ യു.എസിലേക്കും പോയി. 2017ല്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് അമേരിക്കയിലെ കോടതിയെ സമീപിച്ചു. അതേ വർഷം തന്നെ യുവതി ഭർത്താവിനെതിരെ മജിസ്ട്രേറ്റ് കോടതിയിൽ ഗാർഹിക പീഡനക്കേസും നൽകി. ഹണിമൂൺ കാലത്ത് ഭർത്താവ് തന്നെ സെക്കൻഡ് ഹാൻഡ് എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നായിരുന്നു പരാതി. യുവതിയുടെ ആദ്യ വിവാഹാലോചന മുടങ്ങിയത് ചൂണ്ടിക്കാട്ടിയായിരുന്നു ആക്ഷേപം.

മറ്റ് പുരുഷൻമാരുമായി ബന്ധപ്പെടുത്തിയും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചും ഭർത്താവ് തന്നെ പീഡിപ്പിക്കുന്നത് പതിവായിരുന്നുവെന്നും യുവതി ആരോപിച്ചു. 2018 ല്‍ യു.എസ് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചു. എന്നാല്‍, മജിസ്േട്രറ്റ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഭാര്യ ഗാര്‍ഹികപീഡനത്തിന് ഇരയായെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ഭാര്യക്ക് 1,50,000 രൂപ പ്രതിമാസം ജീവനാംശമായി നല്‍കണമെന്നും മൂന്നുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സ്ത്രീധനം തിരികെ നല്‍കണമെന്നും കോടതി വിധിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe