കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന ‘മാസപ്പടി’ കേസില്‍ ആദായനികുതി വകുപ്പിന്റെയും അന്വേഷണം. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. കൊച്ചി യൂനിറ്റില്‍ ഇ.സി.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
കേസില്‍ എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ) അന്വേഷണം നടക്കുന്നതിനിടെയാണ് ഇ.ഡി അന്വേഷണവും വരുന്നത്. എസ്.എഫ്.ഐ.ഒ അന്വേഷണ പരിധിയിലുള്‍പ്പെടുന്നവരെല്ലാം ഇ.ഡിയുടെ പരിധിയിലും ഉള്‍പ്പെടുകയാണ്.
വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ‘എക്സാലോജിക്’, കൊച്ചിയിലെ ‘സി.എം.ആർ.എൽ’, കെ.എസ്.ഐ.ഡി.സി (കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന്) എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടക്കുന്നത്. കരിമണല്‍ കമ്പനിയായ സി.എം.ആർ.എലില്‍നിന്ന് എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. മാസപ്പടി കേസിലെ കള്ളപ്പണ ഇടപാട് കൂടി പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ആദായനികുതി വകുപ്പ് കേസില്‍ ഇടപെടുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കിയേക്കും.