നിശാപാർട്ടി മുതൽ സെക്കറ്റ്സ് മദ്യവിൽപ്പന വരെ, മാസപ്പടിക്കുള്ള എട്ട് കാര്യങ്ങൾ, ആരോപണം ശരിവെച്ച് റിപ്പോർട്ട്

news image
Mar 25, 2024, 5:41 am GMT+0000 payyolionline.in

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ശരിവച്ച് അന്വേഷണ റിപ്പോർട്ട്. സമയപരിധി ലംഘിച്ച് ബാറുകള്‍ പ്രവർത്തിക്കാനും, ലൈസൻസ് നിയമലംഘനങ്ങള്‍ക്ക് കണ്ണടക്കാനും, പണവും പാരിതോഷികവും ചില ഉദ്യോഗസ്ഥർ വാങ്ങുന്നുവെന്നാണ് റിപ്പോർട്ട്. ഇനി പരാതിയുണ്ടായാൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഉള്‍പ്പെടെ നടപടിയുണ്ടാകുമെന്ന് എക്സൈസ് കമ്മീഷണർ സർക്കുലര്‍ ഇറക്കി. ഇരിങ്ങാലക്കുടയിലെ ബാറുകളിൽ നിന്നും ഉദ്യോഗസ്ഥര്‍ മാസപ്പടി കൈപ്പറ്റിയെന്നായിരുന്നു ബാറുടമകളുടെ പരാതി. ഇതിന് പിന്നാലെയാണ് എക്സൈസ് കമ്മീഷണര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.  തുടര്‍ന്നാണ് ആരോപണം ശരിവെക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം കൈമാറിയത്.

തുടര്‍ന്നിറക്കിയ സര്‍ക്കുലറിൽ തൃശൂർ, എറണാകുളം, പാലക്കാട്, കോട്ടയം ജില്ലകളിൽ അനഭിലഷണീയ പ്രവണകള്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷണർ മഹിപാൽയാദവ് സമ്മതിക്കുന്നു. മാസപ്പടിക്ക് പഴുതുള്ള എട്ട് കാര്യങ്ങളും സര്‍ക്കുലറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. സമയക്രമം തെറ്റിച്ചാൽ ലൈസൻസ് റദ്ദാക്കാമെന്നിരിക്കെ ഇത് ലംഘിക്കുന്നവരെ രക്ഷിക്കാൻ പണവും പാരിതോഷികവും വാങ്ങുന്നുണ്ട്. സെക്കറ്റ്സ് മദ്യവിൽപ്പന തടയാൻ മിന്നൽ പരിശോധന നടത്തിയ കൗണ്ടറുകളിൽ നിന്നും മദ്യമെടുത്ത് പരിശോധനക്കയക്കണം.

സാമ്പിൾ ബാറുടകൾ തന്നെ നൽകുകയും ഉദ്യോഗസ്ഥര്‍ കണ്ണടക്കുകയും ചെയ്യുന്നുണ്ട്. മദ്യവിൽപ്പന രജിസ്റ്ററുകള്‍ പരിശോധിക്കാതിരിക്കാനും ഡ്രൈഡേയിലെ പിൻവാതിൽ വിൽപ്പന കണ്ടില്ലെന്നും നടിക്കാനും മാസപ്പടിയുണ്ട്. അനുമതിയില്ലാതെ നിശാപാർട്ടിയും ഡിജെയും സംഘടിപ്പിക്കുന്നു. താൽക്കാലിക കൗണ്ടറിന് പണമടച്ച് അനുമതിയെടുത്ത ശേഷം മദ്യം പ്രദർശിപ്പിച്ച് ബില്ലടിച്ച് നൽകി ഒരു ബാറിൽ നിരവധി കൗണ്ടറുകളും കണ്ടെത്തി. ബാറിൽ മാത്രമല്ല കള്ളുഷാപ്പുകളിലും പരിശോധന നടത്താതിരിക്കാൻ സിവിൽ എക്സൈസ് ഓഫീസർ മുതൽ ഡെപ്യൂട്ടിക്ക് വരെ മാസപ്പടിയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. വീഴ്ചകൾ ആവര്‍ത്തിച്ചാൽ കര്‍ശന നപടി ഓര്‍മ്മിപ്പിച്ചാണ് സര്‍ക്കുലര്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe