തൊടുപുഴ: വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12 മുതൽ മൂന്നുവരെ ഇടവേള നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ തൊഴിൽ വകുപ്പ് സ്ക്വാഡ് രംഗത്ത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലിടങ്ങളിലാണു പരിശോധന നടത്തിവരുന്നത്.തൊഴിലാളികൾക്കു സൂര്യാതപം ഏൽക്കാനുള്ള സാധ്യത മുൻനിർത്തിയാണു പരിശോധന ശക്തമാക്കിയത്. വെയിലത്തു പണിയെടുപ്പിക്കുന്നുവെന്ന പരാതി ഉണ്ടായാൽ തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകും. ലേബർ ഓഫിസർമാരുടെ നേതൃത്വത്തിൽ തൊടുപുഴ, മുട്ടം, ചെറുതോണി തുടങ്ങി വിവിധയിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ പരിശോധന നടത്തി തൊഴിലുടമകൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകി.
കെട്ടിട നിർമാണ സൈറ്റുകൾ, റോഡ്, കലുങ്ക് നിർമാണ സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം സ്ക്വാഡ് പരിശോധന നടത്തുന്നുണ്ട്. വേനൽച്ചൂട് കനത്തതോടെയാണ് വെയിലത്തു തൊഴിലെടുക്കുന്നവരുടെ ജോലിസമയം ഏപ്രിൽ 30 വരെ പുനഃക്രമീകരിച്ചു ലേബർ കമീഷണർ ഉത്തരവിറക്കിയത്. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ മൂന്നുവരെ വിശ്രമം അനുവദിക്കണം. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തിയാണ് ഉച്ചക്ക് വിശ്രമം അനുവദിക്കേണ്ടത്. എന്നാൽ, വേനൽച്ചൂടിന് കാഠിന്യമേറുമ്പോഴും പലയിടങ്ങളിലും ഈ നിർദേശം കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നു പരാതി ഉയർന്നിരുന്നു. പ്രധാനമായും നിർമാണ മേഖലയിലാണ് നിർദേശം ലംഘിച്ച് തൊഴിലാളികളെ നട്ടുച്ച സമയത്തു പോലും ജോലി ചെയ്യിക്കുന്നത്. ഈ സാഹചര്യത്തിലാണ് അധികൃതർ പരിശോധന കർശനമാക്കിയത്. തൊഴിലാളികൾ സന്നദ്ധരായാലും വെയിലിനു കാഠിന്യമുള്ള വേളയിൽ നേരിട്ടു വെയിലേൽക്കുന്ന സ്ഥലത്തു ജോലി ചെയ്യിപ്പിക്കാൻ തൊഴിലുടമ തയാറാകരുത്. സ്വകാര്യ തൊഴിലിടങ്ങളിലും പൊതു നിർമാണ സൈറ്റുകളിലും ബാധകമാകുംവിധമാണ് ഉത്തരവ്. അതേസമയം, സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ള മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികൾ ഉച്ചക്ക് 12 മുതൽ മൂന്നുവരെ വെയിലത്ത് പണിയെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ലേബർ ഓഫിസിൽ അറിയിക്കാം. ഫോൺ: 04862 222363, 8547655396.