ജനീവ: ഗസ്സയിൽ ആശുപത്രികളും ആംബുലൻസുകളും അടക്കമുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ 410 തവണ ആക്രമണം അഴിച്ചുവിട്ടതായി ലോകാരോഗ്യ സംഘടന. ഒക്ടോബർ ഏഴു മുതൽ നടത്തിയ ആക്രമണങ്ങളുടെ കണക്കാണ് ലോകാരോഗ്യ സംഘടന (ഡ.ബ്ല്യു.എച്ച്.ഒ) പുറത്തുവിട്ടത്.
“ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ ആക്രമണങ്ങളിൽ 685 പേർ കൊല്ലപ്പെട്ടു. 902 പേർക്ക് പരിക്കേറ്റു. 104 ആംബുലൻസുകൾ തകർത്തു’ -ഡ.ബ്ല്യു.എച്ച്.ഒ എക്സിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു.
ഗസ്സ സിറ്റിയിലാണ് 40 ശതമാനം ആക്രമണങ്ങളും അരങ്ങേറിയത്. 23 ശതമാനം വടക്കൻ ഗസ്സയിലും 28 ശതമാനം തെക്ക് ഖാൻ യൂനിസിലും ആക്രമിക്കപ്പെട്ടു. “ആരോഗ്യ സംരക്ഷണകേന്ദ്രങ്ങൾ ഒരിക്കലും യുദ്ധത്തിൽ ആക്രമിക്കപ്പെടരുത്. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്നും സാധാരണക്കാരെയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു’ -ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു.