ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറികടന്ന് കേന്ദ്രാനുമതി, നടപടി 2018  കർണാടക ഇലക്ഷന് മുന്നോടിയായി 

news image
Mar 19, 2024, 3:55 am GMT+0000 payyolionline.in

ദില്ലി : ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് നൽകിയത്. ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത്. റിപ്പോർട്ടേഴ്സ് കളക്ടീവാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

333 സ്വകാര്യ വ്യക്തികൾ 358 കോടിയുടെ ബോണ്ട് വാങ്ങിയെന്ന റിപ്പോർട്ടും പുറത്ത് വന്നു. 2019 നും 2024 നും ഇടയിൽ വ്യക്തികൾ വാങ്ങിയ ബോണ്ട് വിവരങ്ങളാണ് പുറത്ത് വന്നത്. ഇതിൽ 44  ശതമാനവും കമ്പനികളും ആയി ബന്ധപ്പെട്ടവരാണ്. വ്യക്തികൾ നേരിട്ട് വാങ്ങിയത് രണ്ട് കോടി മുതൽ മുപ്പത്തിയഞ്ച് കോടി വരെയാണ്.

 

അതിനിടെ, ഇലക്ട്രല്‍ ബോണ്ടിലെ സുപ്രീകോടതി വിധി കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കെ ബിജെപിക്കെതിരെ വിമർശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇലക്ട്രല്‍ ബോണ്ട് അഴിമതിയാണെന്നും ബിജെപിക്ക് പണം ലഭിക്കുന്നതിന്  അന്വേഷണ ഏജൻസികള്‍ എങ്ങനെ സഹായിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ വിമർശനം ഉന്നയിക്കുന്നത്. ഇലക്ട്രല്‍ ബോണ്ട് പ്രധാനമന്ത്രി ഹഫ്ത പിരിക്കൽ യോജനയെന്ന് ജയ്റാം രമേശ് പരിഹസിച്ചു.  ഇഡ‍ി , സിബിഐ , ആദായനികുതി  അന്വേഷണങ്ങൾ നേരിടുന്ന 21 കമ്പനികളെങ്കിലും കോടികളുടെ ബോണ്ട് വാങ്ങിയെന്നും ജയ്റാം രമേശ് പറഞ്ഞു.

 

ബോണ്ട് വാങ്ങിയ കമ്പനികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്.  ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ട് വാങ്ങിക്കൂട്ടിയ കമ്പനികളിലൊന്നായ മേഘ എഞ്ചിനീയറിങ്ങാണ് ജെഡിഎസിന് കിട്ടിയ സംഭാവനകളില്‍ പകുതിയും നല്‍കിയതെന്ന് വ്യക്തമായി. 50 കോടിയുടെ ബോണ്ട് ജെഡിഎസിന് കമ്പനി നല്കിയിട്ടുണ്ട്. ബിആർഎസിന് വൻ തുക നല്കിയതും മേഘ എന്നാണ് സൂചന. ഡിഎംകെ അണ്ണാ ഡിഎംകെ ജെഡിഎസ് നാഷണൽ കോൺഫറൻസ് എന്നീ പാർട്ടികൾ മാത്രമാണ് സംഭാവന ആര് നൽകിയതെന്ന് വെളിപ്പെടുത്തിയത്.  സംഭാവനികളിൽ 94 ശതമാനവും ആര് നല്‍കിയതാണെന്ന് രാഷ്ട്രീയ പാർട്ടികള്‍ വ്യക്തമാക്കിയിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe