‘കെജ്‍രിവാളുമായി ഗൂ‍ഢാലോചന നടത്തി, 100 കോടി കൈമാറി’; കവിതക്കെതിരെ ഗുരുതര ആരോപണവുമായി ഇ.ഡി

news image
Mar 19, 2024, 3:35 am GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ച​ന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ. കവിതക്കെതിരെ ഗുരുതര ആരോപണവുമായി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഡല്‍ഹി മദ്യനയത്തിന്‍റെ പ്രയോജനം ലഭിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമായും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുമായും കവിത ഗൂ‍ഢാലോചന നടത്തിയെന്നും പ്രതിഫലമായി നേതാക്കൾക്ക് 100 കോടി കൈമാറിയെന്നുമാണ് ചോദ്യംചെയ്യലിന് പിന്നാലെ ഇ.ഡിയുടെ ആരോപണം.

ഡൽഹി മദ്യലൈസൻസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡിയും ഐ.ടി വകുപ്പും ഈ വർഷം രണ്ടുതവണ സമൻസ് നൽകിയിരുന്നെങ്കിലും കവിത ഹാജരായിരുന്നില്ല. ശനിയാഴ്ച നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് 45കാരിയെ അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം കോടതിയിൽ ഹാജരാക്കിയ കവിതയെ മാർച്ച് 23 വരെ ഇ.ഡി കസ്റ്റഡിയിൽ നൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യവ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹിയിൽ സർക്കാരിന്റെ കീഴിലായിരുന്ന മദ്യ വിൽപനയുടെ ലൈസൻസ് 2021ൽ സ്വകാര്യ മേഖലക്ക് കൈമാറിയതിന്റെ മറവിൽ കോടികളുടെ അഴിമതി നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തൽ. മദ്യനയക്കേസിൽ എ.എ.പി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിജയ് നായർ എന്നിവർ ഉൾപ്പെടെ 15 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവെരെ 128.79 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്നാണ് ഇ.ഡി പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe