തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് രണ്ടാം ദിവസവും മുടങ്ങിയത് പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിക്കും ഭക്ഷ്യ മന്ത്രിക്കും കത്ത് നല്കി. മസ്റ്ററിങ് നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കാൻ നടപടികള്‍ ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
ജോലിക്ക് പോകാതെയാണ് സാധാരണക്കാരായ കാര്‍ഡുടമകള്‍ ഇന്നലെയും ഇന്നും മസ്റ്ററിങിന് വേണ്ടി റേഷന്‍ കടകള്‍ക്ക് മുന്നില്‍ കാത്തുനിന്ന് നിരാശരായി മടങ്ങിയത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം. ഇ പോസ് സംവിധാനത്തിന്റെ തകരാര്‍ കാരണം സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിക്കുന്നതും പതിവാണ്. ഐ.ടി മിഷന് കീഴിലെ സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തതാണ് പ്രതിസന്ധന്ധിക്ക് കാരണമാകുമെന്ന് പ്രതിപക്ഷം നേരത്തെ ചൂണ്ടിക്കാട്ടിയതാണ്.
നിലവിലെ സാങ്കേതിക സംവിധാനത്തില്‍ മസ്റ്ററിങ് സാധ്യമല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. മികച്ച സെര്‍വര്‍ ബാക്കപ്പുമായി മസ്റ്ററിങ് നടത്താനുള്ള സാങ്കേതിക സംവിധാനം ഉണ്ടാക്കുകയാണ് ചെയ്യേണ്ടതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻ.ഐ.സിക്കും ഐ.ടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് നിർത്തിവെച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഇന്ന് അറിയിക്കുകയായിരുന്നു. സാങ്കേതിക തകരാർ പൂർണമായി പരിഹരിച്ചതായി അറിയിച്ച ശേഷം മാത്രമേ മസ്റ്ററിങ് പുനരാരംഭിക്കൂ എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.