തിരുവനന്തപുരം: സാങ്കേതികവിദ്യയുടെ വികാസമായാലും പുതിയ കണ്ടുപിടുത്തങ്ങളായാലും എല്ലാം സമൂഹ നന്മയ്ക്കുവേണ്ടിയായിരിക്കണമെന്ന് മന്ത്രി ജി. ആർ. അനിൽ. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നിർമിതബുദ്ധി ജീവിതം കൂടുതൽ ആയാസരഹിതവും ലളിതവുമാക്കുന്നുവെങ്കിൽപോലും അത് സമൂഹത്തോട് നീതിപൂർവകവും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്നു എന്നത് ഉറപ്പുവരുത്തേണ്ടതുണ്ട്. ഉപഭോക്താക്കൾക്കു വേണ്ടി ഉത്തരവാദിത്തമുള്ളതും നീതിപൂർവകവുമായ നിർമ്മിത ബുദ്ധി’ എന്നതാണ് ഈ വർഷത്തെ ഉപഭോക്തൃ അവകാശ ദിനത്തിന്റെ ആശയം. നിർമിത ബുദ്ധി എന്ന മേഖല അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു.
ഉത്തരവാദിത്വമുള്ളതും നീതിപൂർവ്വകവുമായ നിർമ്മിതബുദ്ധി എന്നത് ഒരു സ്വപ്നമല്ല മറിച്ച് ഓരോ ഉപഭോക്താവിന്റെയും ന്യായമായ ആവശ്യമാണ്. ഭരണനിർവ്വഹണത്തിലും ജനങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലും മറ്റും നിർമ്മിത ബുദ്ധി ഉപയോഗിക്കുമ്പോൾ മറ്റേത് സംവിധാനവും പോലെ തന്നെ സുതാര്യതയും പക്ഷപാതരാഹിത്യവും ഉറപ്പാക്കേണ്ടതുണ്ട്. നാളത്തെ ലോകം നിർമിതബുദ്ധിയുടേതാണെന്നാണ് പറയപ്പെടുന്നത്. എന്നാൽ നിർമിതബുദ്ധിയെ അമിതമായി ആശ്രയിക്കുന്നത് പലതരത്തിലും ദോഷകരമാണെന്ന് മന്ത്രി പറഞ്ഞു.
പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിച്ചു. ‘നിർമിതബുദ്ധിയും ഉപഭോക്തൃസംസ്കാരവും’ എന്ന വിഷയത്തിൽ ഡോ. തോമസ് ജോസഫ് തൂങ്കുഴി പ്രഭാഷണം നടത്തി. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ ഡോ. ഡി. സജിത്ത് ബാബു, ലീഗൽ മോട്രോളജി വകുപ്പ് അഡീഷണൽ കൺട്രോളർ റീന ഗോപാൽ. ആർ, സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ സെക്രട്ടറിയും രജിസ്ട്രാറുമായ അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.