ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മോദി ഭാരത മാതാവിനെ ഒറ്റിക്കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്കിൽ ചൈന നടത്തിയ കടന്നുകയറ്റവുമായി ബന്ധപ്പെട്ടായിരുന്നു സുബ്രഹ്മണ്യത്തിന്റെ പരാമർശം.
‘ആരും കടന്നുകയറിയില്ല എന്നു പറയുന്നതിലൂടെ മോദി ഭാരത മാതാവിനെ ഒറ്റിക്കൊടുത്തു…4065 ചതുരശ്ര കിലോമീറ്റർ ലഡാക്ക് ഭൂമി കൈയേറിയ ചൈനക്ക് ക്ലീൻ ചിറ്റ് നൽകി’ -സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചു. 2024ൽ ബി.ജെ.പി ജയിക്കണമെന്നും എന്നാൽ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിൽ പോസ്റ്റ് ചെയ്ത മറ്റൊരു കുറിപ്പിലും മോദിയെ അദ്ദേഹം കടന്നാക്രമിക്കുന്നുണ്ട്. ‘മോദിയെ മൂന്നാം തവണയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ രാജ്യം ഒറ്റക്കെട്ടായി അദ്ദേഹത്തെ എതിർക്കേണ്ടതുണ്ട്. തർക്കമില്ലാത്ത 4065 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം കൈയേറാൻ ചൈനക്ക് അവസരം നൽകിയതിലൂടെ അദ്ദേഹം ഭാരത മാതാവിനെ അപമാനിച്ചു. ആരും കടന്നുകയറിയിട്ടില്ലെന്ന് എന്നിട്ടും പച്ചക്കളം പറയുന്നു’ -സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
ഖത്തറിൽ തടവിലായിരുന്ന മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ മോദി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ സഹായം അഭ്യർഥിച്ചതായി സുബ്രഹ്മണ്യൻ സ്വാമി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മുന്‍ നാവികരെ വിട്ടയക്കുന്നതിൽ ഖത്തര്‍ ശൈഖുമാരെ സ്വാധീനിക്കുന്നതില്‍ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടെന്നും അദ്ദേഹം കുറിപ്പിൽ പരോക്ഷമായി കുറ്റപ്പെടുത്തി.
കഴിഞ്ഞമാസമാണ് ഖത്തർ ജയിലിൽ തടവിലായിരുന്ന മലയാളി ഉൾപ്പെടെയുള്ള എട്ടു മുൻ നാവികരെ വിട്ടയച്ചത്. ‘സിനിമ സ്റ്റാർ ഷാരൂഖ് ഖാനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലേക്ക് കൂടെ കൊണ്ടുപോകണം. ഖത്തര്‍ ശൈഖുമാരെ അനുനയിപ്പിക്കുന്നതിൽ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഏജന്‍സിയും പരാജയപ്പെട്ടപ്പോള്‍, മോദി ഖാനോട് സഹായം അഭ്യർഥിച്ചിരുന്നു. അങ്ങനെയാണ് നമ്മുടെ നാവികരെ മോചിപ്പിക്കാനുള്ള വിലയേറിയ ഒത്തുതീര്‍പ്പിന് ഖത്തർ ശൈഖുമാർ തയാറായത്’ -സുബ്രഹ്മണ്യം സ്വാമി അന്ന് എക്സിൽ കുറിച്ചു.