തിരുവനന്തപുരം: ഹയർസെക്കൻഡറിയിലെ അമ്പതു വയസ്സുകഴിഞ്ഞ ലാബ് അസിസ്റ്റന്റുമാരെയും വിശേഷാൽ ചട്ടം നിലവിൽ വരുന്നതിനുമുമ്പ് നിയമിതരായ ലാബ് അസിസ്റ്റന്റുമാരെയും വിരമിച്ചവരെയും ലാബ് അറ്റൻഡേഴ്സ് ടെസ്റ്റ് പാസാകുന്നതിൽ നിന്ന് ഒഴിവാക്കി.
ഇതിനകം സേവനത്തിൽ നിന്നും വിരമിച്ച ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസ്സാകാത്ത ലാബ് അസ്സിസ്റ്റന്റ്മാർക്കു അവരുടെ ഇൻക്രിമെന്റ്റ്, ഗ്രേഡ്, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനു ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവർ പ്രൊബേഷൻ പൂർത്തീകരിച്ചിട്ടുള്ള പക്ഷം, അവരുടെ തുടർ ഇൻക്രിമെന്റുകൾ അനുവദിക്കുന്നതിനായി ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസ്സാവുന്നതിൽ നിന്നും അവരെ ഒഴിവാക്കി ഇളവ് അനുവദിച്ചു.
കേരള ഹയർ സെക്കണ്ടറി എഡ്യുക്കേഷൻ സബോർഡിനേറ്റ് വിശേഷാൽ ചട്ടം ആധാരമാക്കി 2021 ഏപ്രിൽ 16 മുതലാണ് ലാബ് അസ്സിസ്റ്റൻ്റിന് പബ്ളിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് എന്ന നിർബന്ധിത യോഗ്യത ബാധകമാക്കിയിട്ടുള്ളത്. ആയതിനാൽ തന്നെ വിശേഷാൽ ചട്ടം നിലവിൽ വരുന്നതിനു മുൻപ് നിയമിതരായ ലാബ് അസ്സിസ്റ്റൻ്റമാരെ ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്നും ഒഴിവാക്കി.
ഇതിനു പുറമെ 50 വയസ്സ് കഴിഞ്ഞ ലാബ് അസിസ്റ്റൻ്റുമാരെയും ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് പാസ്സാകുന്നതിൽ നിന്നും ഒഴിവാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.