ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ മത്സരിക്കില്ല. പകരം ഡി.എം.കെ സഖ്യത്തിന്റെ താരപ്രചാരകനാകാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യം ഡി.എം.കെയുമായി സഖ്യം ചേരാനും തീരുമാനിച്ചു.
കോയമ്പത്തൂരിൽ നിന്ന് കമൽ ഹാസൻ മത്സരിക്കുമെന്ന തരത്തിൽ നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നു. കോയമ്പത്തൂരിലോ മധുരയിലോ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് കമൽഹാസൻ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ കോയമ്പത്തൂർ വിട്ടുകൊടുക്കാൻ സി.പി.എം തയാറായില്ല.
ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് കമൽ ഹാസന്റെ പാർട്ടി ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മാറുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലുമുള്ള 40 സീറ്റുകളിൽ അദ്ദേഹം ഡി.എം.കെ സഖ്യത്തിന് വേണ്ടി താരപ്രചാരകനായി രംഗത്തിറങ്ങും. 2025 ൽ തമിഴ്നാട്ടിൽ നിന്ന് ഒഴിവുവരുന്ന രാജ്യസഭ സീറ്റിൽ കമലിനെ മത്സരിപ്പിക്കാനാണ് ധാരണ. 2018ലാണ് താരം രാഷ്ട്രീയത്തിലിറങ്ങിയത്.