ചടയമംഗലം: ബൈക്കിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്.ബിനുവിനെയാണ് കോര്പറേഷന് പുറത്താക്കിയത്. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി നിയമപോരാട്ടം തുടരുമെന്ന് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബം അറിയിച്ചു. അന്വേഷണവും നടപടിയും ആവശ്യപ്പെട്ട ഇവർ നിരന്തരമായി നടത്തിയ ഇടപെടലിലാണ് ഡ്രൈവറെ പിരിച്ചുവിട്ടത്. അപകടകരമാം വിധം ഡ്രൈവര്‍ ബസ് ഓടിച്ചെന്നാണ് കുറ്റപത്രം. സിസിടിവി ദൃശ്യങ്ങളും തെളിവായി. കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 28നു രാവിലെ 7.45ന് എംസി റോഡിൽ കുരിയോട് നെട്ടേത്തറയിലാണ് അപകടമുണ്ടായത്. പൂനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വത്തിൽ ശിഖ കൺസ്ട്രക്ഷൻസ് ഉടമ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകൾ ശിഖ (20), പുനലൂർ കക്കോട് അഭിനഞ്ജനത്തിൽ സൈനിക ഉദ്യോഗസ്ഥൻ രഞ്ജിത്ത് ആർ.നായരുടെയും ലക്ഷ്മിയുടെയും മകൻ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. തട്ടത്തുമല വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷം ബിടെക് (സിവിൽ) വിദ്യാർഥിനിയായിരുന്നു ശിഖ. അഭിജിത് പത്തനംതിട്ട മുസല്യാർ കോളജിലെ ബിസിഎ വിദ്യാർഥിയും.
പുനലൂരിൽ നിന്ന് ശിഖയെ കോളജിൽ കൊണ്ടുവിടുന്നതിനാണ് അഭിജിത്ത് എത്തിയത്. ചടയമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് അതേ ദിശയിൽ പോയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ടയർ തലയിൽ കയറിയിറങ്ങി ശിഖ തൽക്ഷണം മരിച്ചു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ അഭിജിത്ത് മരിച്ചു. ചടയമംഗലം പൊലീസും കടയ്ക്കൽ അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവർത്തനം നടത്തി. 20 മിനിറ്റോളം രക്തം വാർന്ന് റോഡിൽ കിടന്ന വിദ്യാർഥികളെ ആശുപത്രിയിൽ എത്തിക്കാൻ അതുവഴി വാഹനങ്ങളിൽ പോയവർ തയാറായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.