ഗസ്സ: കോളയും പെപ്സിയും ബഹിഷ്‍കരിക്കുന്നവർക്ക് ‘ഫലസ്തീൻ കോള’യുമായി സ്വീഡിഷ് കമ്പനി

news image
Mar 6, 2024, 11:33 am GMT+0000 payyolionline.in

മാൽമോ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയി​ൽ പ്രതിഷേധിച്ച് പെപ്സിയും കോളയുമടക്കമുള്ള ഇസ്രായേൽ, യു.എസ് ബഹുരാഷ്ട്ര ബ്രാൻഡുകൾ ബഹിഷ്‍കരിക്കുന്നവർക്ക് ബദൽ പാനീയവുമായി സ്വീഡിഷ് കമ്പനി. ‘ഫലസ്തീൻ കോള’ എന്ന ബ്രാൻഡിലാണ് സ്വീഡനിലെ മാൽമോ ആസ്ഥാനമായുള്ള സ്വീഡിഷ്-ഫലസ്തീനിയൻ കുടുംബത്തിലെ രണ്ട് സഹോദരങ്ങൾ ശീതളപാനീയം പുറത്തിറക്കിയത്​.

ഇസ്രായേലിനെ പിന്തുണക്കുന്ന ബഹുരാഷ്ട്ര കുത്തകകൾക്ക് ബദൽ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വരുമാനത്തി​ന്റെ ഒരു ഭാഗം ഗസ്സക്ക് നൽകുമെന്നും കമ്പനി അധികൃതർ അറിയിച്ചു. നിലവിലുള്ള മറ്റ് ശീതളപാനീയ നിർമ്മാതാക്കളുമായി തങ്ങൾക്ക് ബന്ധമൊന്നുമില്ലെന്നും കമ്പനി പൂർണ്ണമായും സ്വതന്ത്രമാണെന്നും ഇവർ പറഞ്ഞു. ലാഭവിഹിതം ഫലസ്തീനികൾക്ക് സഹായമെത്തിക്കുന്ന സംഘടനകൾക്ക് നൽകുമെന്ന് വെബ്‌സൈറ്റിൽ പറയുന്നു.

പുരാതന കാലം മുതൽ ഒലീവ് തോട്ടങ്ങൾക്ക് പേരുകേട്ട ഫലസ്തീന്റെ പ്രതീകമായി ‘ഫലസ്തീൻ കോള’യുടെ ലോഗോയിൽ ഒലിവ് മരം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീനിയൻ ദേശീയതയുടെ പരമ്പരാഗത ചിഹ്നമായ കഫിയ്യയെ പ്രതിനിധീകരിക്കുന്നതാണ് ബോട്ടിലിന്റെ അടിയിലുള്ള പാറ്റേൺ. ഫലസ്തീനിലെ മത്സ്യബന്ധന വ്യവസായത്തെ പ്രതിനിധീകരിക്കുന്ന വലയും ഇതിൽ നൽകിയിട്ടുണ്ട്.

ഒരു ഫ്ലേവറിൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. വൈകാതെ ഏഴ് ​വൈവിധ്യ രുചികളിൽ കൂടി പുറത്തിറക്കും. നിലവിൽ മാൽമോ, സ്റ്റോക്ക്‌ഹോം, ഗോഥെൻബർഗ് എന്നിവിടങ്ങളിൽ മാത്രമാണ് വിൽപന. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെതിരായ ബഹിഷ്‌കരണാഹ്വാനം നിലനിൽക്കുന്നതിനാൽ പുതിയ ബ്രാൻഡിനണ് സോഷ്യൽ മീഡിയയിൽ വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും തങ്ങളുടെ പാനീയം ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe