തിരുവനന്തപുരം ∙ ചാക്കയിൽനിന്നു നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ ദമ്പതികൾക്ക് തിരികെ നൽകും. ദമ്പതികൾക്ക് അനുകൂലമായി ഡിഎൻഎ ഫലം വന്നതോടെയാണ് തീരുമാനം. നാടോടി ദമ്പതികളുടെ കുട്ടിയാണെന്നു ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. കുട്ടിയെ മാതാപിതാക്കൾക്ക് നൽകാമെന്ന് കാണിച്ച് ശിശുക്ഷേമ സമിതിക്ക് പൊലീസ് റിപ്പോർട്ട് നൽകി.
കേസിലെ പ്രതിയെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. വർക്കല അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീറിനെ (50) കൊല്ലം ചിന്നക്കടയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നേരത്തേ പോക്സോ കേസിലും മോഷണക്കേസുകളിലുമായി മൂന്നര വർഷം ജയിലിൽ കിടന്നിട്ടുണ്ട്. പതിനൊന്നുകാരിയെ ഉപദ്രവിച്ച പോക്സോ കേസിൽ ജാമ്യം കിട്ടി ജനുവരി 22ന് പുറത്തിറങ്ങി. ഇയാൾക്കെതിരെ 8 കേസ് നിലവിലുണ്ട്. അലഞ്ഞുതിരിയുന്നതാണ് പ്രതിയുടെ രീതി. മുൻപ് കൊല്ലത്ത് നാടോടിക്കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇയാളെ തല്ലിയ സംഭവമുണ്ടായിട്ടുണ്ട്. ചാക്കയിൽ കുട്ടിയെ തട്ടിയെടുത്ത് ഉപദ്രവിക്കാനാണ് ശ്രമിച്ചതെന്നും പ്രതി സമ്മതിച്ചു.
കഴിഞ്ഞ മാസം 19ന് ചാക്കയിലെ റോഡരികിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. 19 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ 500 മീറ്റർ അകലെ, ആറടിയിലേറെ ആഴമുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കൾക്കും 3 സഹോദരന്മാർക്കുമൊപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നത്. തേൻ വിൽപനയ്ക്കായി കേരളത്തിലെത്തിയതാണ് ബിഹാർ സ്വദേശികളായ ദമ്പതികൾ. കുട്ടി ഇവരുടെ തന്നെയാണോ എന്നു തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധന നടത്തിയത്. പൊലീസ് ഇടപെട്ടാണ് ശിശുക്ഷേമ സമിതിയുടെ അഭയ കേന്ദ്രത്തിലേക്കു കുട്ടിയെ മാറ്റിയത്.