പരാതി പരിഹാരം വേഗത്തിലാകും; നവീകരിച്ച സിഎംഒ പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

news image
Mar 4, 2024, 1:02 pm GMT+0000 payyolionline.in

തിരുവനന്തപുരം > പൊതുജന പരാതി പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതൽ സുതാര്യവും ലളിതവും വേഗതയിലുമാക്കുന്നതിന്‍റെ ഭാഗമായി  നവീകരിച്ച സിഎംഒ പോര്‍ട്ടല്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

നവീകരിച്ച പോർട്ടലിലൂടെ പരാതിയോ അപേക്ഷയോ നൽകുന്നവർക്ക് എവിടെ നിന്നും തൽസ്ഥിതി പരിശോധിക്കാവുന്നതാണ്. ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായം ലഭിക്കുന്നതിനാവശ്യമായ മെഡിക്കൽ  സർട്ടിഫിക്കറ്റ് ഇ-ഹെൽത്ത് സംവിധാനം മുഖേന ലഭ്യമാകും. ഇ- ഹെൽത്ത്  ഇൻറഗ്രേഷനിലൂടെ ഡോക്ടർമാർ ഇ-ഹെൽത്ത് മോഡ്യൂൾ മുഖേന അപ് ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ ദുരിതാശ്വാസ സഹായത്തിനായുള്ള അപേക്ഷകളുടെ പരിശോധനക്ക് ലഭ്യമാക്കാനുള്ള സൗകര്യങ്ങളും നിലവിൽ വരും.

മലയാളത്തിന് പുറമെ  ഇംഗ്ലീഷും നവീകരിച്ച പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നടപടി തുടരുന്നതും തീർപ്പാക്കിയതുമായ  പരാതികൾ സംബന്ധിച്ച് പരാതിക്കാർക്ക് പ്രതികരണം അറിയിക്കാനുള്ള സംവിധാനവുമുണ്ട്. പരാതി കൈകാര്യം ചെയ്യുന്ന ചാർജ്ജ് ഓഫീസറുടെ വിവരങ്ങളും അറിയാം.

ജനങ്ങളോടുള്ള  പ്രതിബദ്ധതയാണ്  ജനാധിപത്യ സംവിധാനത്തിൽ പ്രധാനമെന്ന് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത്  മുഖ്യമന്ത്രി പറഞ്ഞു. ഇതിൻ്റെ അന്ത:സ്സത്ത ഉൾക്കൊണ്ടു പ്രവർത്തിക്കാൻ തയ്യാറാകണം. ജനങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാനും അവയുടെ പരിഹാരത്തിനായി സക്രിയമായി ഇടപെടാനും ഉത്തരവാദപ്പെട്ട സംവിധാനമാണ് സർക്കാരെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തെ ജനോന്മുഖവും പൗരകേന്ദ്രീകൃതവുമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി പരാതി പരിഹാരത്തിനായി നിലനിന്നിരുന്ന സമാന്തര സംവിധാനങ്ങളെ ഏകോപിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ  നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. അതോടൊപ്പം സി എം ഒ പോർട്ടൽ  സംവിധാനവും ഏർപ്പെടുത്തി. ഇത്തരം ഇടപെടലുകളിലൂടെ രാജ്യത്തെ മികച്ച പരാതി പരിഹാര സംവിധാനമെന്ന നേട്ടം കൈവരിക്കാൻ പോർട്ടലിന് കഴിഞ്ഞിട്ടുണ്ട്.

പൊതുജന സേവന രംഗത്തെ നൂതന ആശയങ്ങള്‍ക്ക് സിഎംഒ പോര്‍ട്ടലിന് ലഭിച്ച അവാര്‍ഡ് തുകയായ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, മുഖ്യമന്ത്രിയുടെ ഒ എസ് ‍ഡി എസ് കാര്‍ത്തികേയന്‍, ഇ -ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടര്‍ അനുകുമാരി, മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്‍ അഡീഷണല്‍ സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe