ഓൺലൈൻ ട്രേഡിങിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികളിലൊരാൾ ആലുവ സൈബർ പൊലീസ് പിടിയിൽ

news image
Mar 4, 2024, 12:51 pm GMT+0000 payyolionline.in

ആലുവ: ഓൺലൈൻ ട്രേഡിങിലൂടെ കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതികളിലൊരാൾ പിടിയിൽ. മുംബൈ ഗ്രാൻറ് റോഡിൽ അറബ് ലൈനിൽ ക്രിസ്റ്റൽ ടവറിൽ ജാബിർ ഖാൻ (46) നെയാണ് ആലുവ സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. ഓൺലൈൻ ട്രേഡിങിലൂടെയും ടാസ്ക്കിലൂടെയും വൻ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാലടി മാണിക്യമംഗലം സ്വദേശിയിൽ നിന്ന് 51 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. ഇതിൽ 32 ലക്ഷം രൂപ പ്രതിയുടെ വ്യാജമായി നിർമിച്ച കമ്പനിയിൽ നിക്ഷേപിച്ചത്. ഇയാൾ ഇത്തരത്തിൽ നിരവധി വ്യാജക്കമ്പനികളാണ് രൂപീകരിച്ചിട്ടുള്ളത്. ഇതിലൂടെ കോടിക്കണക്കിന് രൂപയുടെ ഇടപാടും നടന്നിട്ടുണ്ട്. പണം മുഴുവൻ തട്ടിപ്പിന് ഇരയായവരുടെതാണെന്നാണ് പ്രാഥമിക വിവരം.

ആയിരത്തിലേറെ പേർ ഇവരുടെ കെണിയിലകപ്പെട്ട് പണം നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. തട്ടിപ്പു സംഘം പറഞ്ഞ മൂന്ന് അക്കൗണ്ടുകളിലേക്കാണ് പരാതിക്കാരൻ പണം നിക്ഷേപിച്ചത്. വൻ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം ട്രേഡിങിൽ പണം നിക്ഷേപിച്ചപ്പോൾ ലാഭമെന്നു പറഞ്ഞ് 5000 രൂപ മാണിക്കമംഗലം സ്വദേശിയുടെ അക്കൗണ്ടിലേക്ക് നൽകി. വിശ്വാസം വരുത്താനുള്ള തന്ത്രമായിരുന്നു അത്. തുടർന്ന് കൂടുതൽ തുക നിക്ഷേപിച്ചു. ഈ തുകകൾ മുഴുവൻ സംഘം കൈക്കലാക്കി. ഓൺലൈൻ ട്രേഡിങിൽ ചേർക്കുന്നയാൾക്ക് കമീഷനും നൽകിയാണ് ആളുകളെ വലയിൽ വീഴ്ത്തുന്നത്. ഒൺലൈൻ ടാസ്ക്കിലൂടെയും ഇവർ നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ട്. ടാസ്ക്കിലൂടെ വൻ ലാഭമാണ് വാഗ്ദാനം ചെയ്യുന്നത്. അതിൻറെ ഭാഗമായി ഇൻസ്റ്റയിൽ കൊടുത്തിട്ടുള്ള ചിത്രങ്ങളും, റീൽസുകളും, ലൈക്കും, ഷെയറും ചെയ്ത് അതിൻറെ സ്ക്രീൻ ഷോട്ടെടുത്ത് അയച്ചു കൊടുത്താൽ ഒരു നിശ്ചിത തുക തികച്ചും ഫ്രീ ആയി അയച്ചു കൊടുക്കും. ഭൂരിഭാഗം പേരും അതിൽ വീഴും. ടാസ്ക്ക് വഴി കൂടുതൽ ലാഭമുണ്ടാക്കാൻ വലിയ തുകകൾ നിക്ഷേപിക്കും. ഒടുവിൽ മുതലും ലാഭവും കൂടി വൻ സംഖ്യ ആയി കഴിയുമ്പോൾ തുക തിരിച്ചെടുക്കാൻ ശ്രമിക്കും. അതിന് കഴിയാതെ വരുമ്പോഴാണ് തട്ടിപ്പായിരുന്നുവെന്നും, പണം പോയിയെന്നും മനസിലാകുന്നത്. പിന്നീട് ഈ സംഘത്തെക്കുറിച്ച് ഒരു വിവരവുമുണ്ടാകില്ല. കുറച്ച് കഴിഞ്ഞ് പുതിയ പേരിൽ, പുതിയ തട്ടിപ്പുമായി സംഘം വീണ്ടും പ്രത്യക്ഷപ്പെടും. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ വിപിൻദാസ്, എ.എസ്.ഐ അജിത്ത്കുമാർ, എസ്.സി.പി.ഒ പി.എസ്. ഐനീഷ്, ജെറി കുരിയാക്കോസ് എന്നിവരാണുള്ളത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe