കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളജിൽ അരങ്ങേറിയത് മന:സാക്ഷി മരവിച്ചു പോകുന്ന സംഭവമാണെന്ന് എം.എൽ.എ കെ.കെ. രമ. സിദ്ധാർഥ് മാത്രമല്ല, എസ്.എഫ്.ഐ എന്ന സംഘടന ഉയർത്തിപ്പിടിച്ചിരുന്ന മൂല്യവത്തായ രാഷ്ട്രീയ ജീവിതം കൂടിയാണ് മരിച്ചുപോയതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഇഷ്ടക്കാരെ പി.എസ്.സി ലിസ്റ്റിലും യൂനിവേഴ്സിറ്റി നിയമനങ്ങളിലും തിരുകിക്കയറ്റുന്നതു മുതൽ നാം കാണുന്ന അപചയമാണിത്. ഒരു കാര്യവുമില്ലാതെ ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിച്ചും അവഹേളിച്ചും ഭയപ്പെടുത്തിയും മരണത്തിലേക്ക് തള്ളി വിടുന്ന ക്രൂരതയെ വിനോദമായി ആഘോഷിക്കാവുന്ന മനോനിലയിലേക്ക് പോലും സ്വന്തം പ്രവർത്തകർ എത്തിച്ചേർന്നത് എങ്ങനെയാണെന്ന് ആ സംഘടന ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും അവർ കുറിപ്പിൽ പറയുന്നു.
ഫെബ്രുവരി 18നാണ് ബി.വി.എസ്സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ക്രൂരമർദനത്തിന് സിദ്ധാർഥ് ഇരയായിരുന്നു.