ഭുവനേശ്വർ: ഒഡീഷ പി.സി.സി ഉപാധ്യക്ഷൻ രജത് ചൗധരി രാജിവെച്ചു. ലോക്സഭാ, നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ചൗധരിയുടെ രാജി കോൺഗ്രസിന് തിരിച്ചടിയാണ്.
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ പാർട്ടി വിമത ഭീഷണി നേരിടുന്നതിനിടെയാണ് ഒഡീഷയിലെ പ്രധാന നേതാവിന്റെ രാജി. പി.സി.സി അധ്യക്ഷൻ ശരത് പട്നായകന് രാജിക്കത്ത് നൽകി. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും രാജിക്കത്ത് അയച്ചുകൊടുത്തിട്ടുണ്ട്. 2014 മുതൽ 2016 വരെ സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്നു.
പി.സി.സി ജനറൽ സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തി പ്രകടിപ്പിച്ചാണ് രാജിയെന്നാണ് പുറത്തുവരുന്ന വിവരം. മുതിർന്ന നേതാക്കളായ നിഹാർ മഹാനന്ദ്, അൻഷുമാൻ മൊഹന്തി, ബിപ്ലബ് ജെന എന്നിവരെല്ലാം അടുത്തിടെ കോൺഗ്രസിൽനിന്ന് രാജിവെച്ചിരുന്നു.