കൊയിലാണ്ടി: പി.വി. സത്യനാഥൻ്റെ വീട് സന്ദർശനത്തിൻ്റെ പേരിൽ കെകെ രമ എംഎൽഎ നടത്തിയ രാഷ്ട്രിയ നാടകം തിരിച്ചറിയാൻ സമൂഹം തയ്യാറാകണമെന്ന് സിപിഎം ഏരിയാ കമ്മറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളുടെ താൽപര്യത്തിനനുസരിച്ച് സിപിഎമ്മിനേയും പി വി സത്യനാഥൻ്റെ കുടുംബത്തെയും അപമാനിക്കാനാണ് കെ കെ രമ എം എൽ എ ശ്രമിച്ചത്. പാർട്ടി വിരുദ്ധനോടൊപ്പം സത്യനാഥൻ്റെ വീട്ടിലെത്തിയ എംഎൽഎയെ വളരെ നല്ല രീതിയിലാണ് വേദനക്കിടയിലും സത്യനാഥൻ്റെ കുടുംബം സ്വീകരിച്ചത്. രാഷ്ട്രീയ മര്യാദയുടെ പേരിൽ അവിടെ ഉണ്ടായിരുന്ന സിപിഐഎം നേതാക്കളും പ്രവർത്തകരും അവരോട് മാന്യമായി പെരുമാറുകയും ചെയ്തതാണ്. എന്നാൽ തിരികെ പോയ രമ സോഷ്യൽ മീഡിയായിലും മാധ്യമങ്ങൾക്ക് കൊടുത്ത കുറിപ്പിലും കുടുംബത്തെ അപമാനിക്കാനും പാർട്ടിയെ അപകീർത്തിപ്പെടുത്താനുമാണ് ശ്രമിച്ചത്.
മരണ വീട്ടിൽ കയറുക എന്നതിനപ്പുറം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലാഭത്തിനായി സിപിഐഎംനെയും സത്യനാഥൻ്റെ കുടുംബത്തെയും അവഹേളിക്കാനാണ് അവർ ശ്രമിച്ചത്. പ്രതി അഭിലാഷ് മുമ്പ് സിപിഐഎം പ്രവർത്തകനായിരുന്നെന്നും, പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിൻ്റെ ഭാഗമായി അയാളെ സിപിഐ എമ്മിൽ നിന്നും പുറത്താക്കിയ വിവരം പാർട്ടി വ്യക്തമാക്കിയതാണ്.
പ്രതിക്ക് സിപിഐ(എം)മായി യാതൊരു ബന്ധവുമില്ല എന്നിരിക്കെ കൊന്നതും കൊല്ലിച്ചതും സിപിഐഎം ആണെന്നുമുള്ള രമയുടെ പ്രസ്താവന സത്യനാഥൻ്റെ കുടുംബത്തെ അപമാനിക്കുന്നതാണ്. വീട് സന്ദർശിച്ച് തിരികെ പോയ കെകെ രമയുടെ ഫേസ് ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച അപകീർത്തികരമായ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടനെ കെകെ രമയെ സത്യനാഥൻ്റെ മകൻ ഫോണിൽ നേരിൽ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കൊലപാതകത്തിൽ തികച്ചും സമാധാനപരമായി പ്രതിഷേധിക്കാനാണ് സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ആഹ്വാനം നൽകിയത്. പ്രതികളെ കണ്ടെത്തി പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാനും കൊലപാതകത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനും വേണ്ട കാര്യങ്ങൾ ചെയ്തതായി സംസ്ഥാന സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയും മാധ്യമങ്ങൾക്ക് മുമ്പിൽ പറയുകയും ചെയ്തു. അതിൻ്റെ തുടർച്ചയായാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ 14 അംഗ സംഘത്തെ വധക്കേസ് അന്വേഷിക്കുന്നതിനായി ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തിയത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഇപ്പോഴും ശക്തമായ പോലീസ് കാവൽ തുടരുകയുമാണ്.
ഭരണകക്ഷി നേതാവ് കൊല്ലപ്പെട്ടിട്ട് സമഗ്രമായ പോലീസ് അന്വേഷണം നടക്കുന്നില്ല എന്ന രമയുടെ കണ്ടെത്തൽ രാഷ്ടിയ അന്ധത ബാധിച്ച് നടത്തിയ ജല്പനം മാത്രമാണെന്ന് ഏരിയാ സെക്രട്ടറി വ്യക്തമാക്കി. കൊല നടന്ന് പ്രതി കീഴടങ്ങി റിമാണ്ടിലായശേഷം ഞായറാഴ്ച അവധി ദിവസം കഴിഞ്ഞ ഉടനെ പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ബുധനാഴ്ചയാണ് കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവ് ഇറങ്ങിയത്. അന്വേഷണസംഘം പ്രതിയുമായി തെളിവെടുപ്പ് നടത്താനിരിക്കെ രക്തസാക്ഷിയെയും കുടുംബത്തെയും അപമാനിക്കാൻ നടത്തിയ ശ്രമത്തിലും, അക്രമത്തിന് പ്രോത്സാഹനം നൽകാനുള്ള രമയുടെ നീക്കത്തിലും പ്രതിഷേധിക്കുന്നതായും ഏരിയാ കമ്മറ്റി വ്യക്തമാക്കി.