കാസർകോട്: പി.എസ്.സി പരീക്ഷ ഹാളിൽ വാച്ച് അനുവദിക്കാത്ത സാഹചര്യത്തിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
കമീഷൻ ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥാണ് നിർദേശം നൽകിയത്. പി.എസ്.സി പരീക്ഷ ഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്ന പരാതിയിലാണ് നടപടി. പി.എസ്.സി സെക്രട്ടറിയിൽനിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. പരീക്ഷ ഹാളിൽ ക്ലോക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പി.എസ്.സിയിൽനിന്നും ഉപദേശം ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. പരീക്ഷഹാളിൽ ക്ലോക്ക് സ്ഥാപിക്കണമെന്നാണ് പി.എസ്.സിയുടെയും അഭിപ്രായം. ഇക്കാര്യം സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
സർക്കാറിൽനിന്ന് ഉത്തരവ് ലഭിക്കുന്നമുറക്ക് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് പി.എസ്.സി കമീഷനെ അറിയിച്ചു. കാഞ്ഞങ്ങാട് മുരിയാനാവി സ്വദേശിനി കെ. ഭവിന സമർപ്പിച്ച പരാതിയിലാണ് നടപടി.