പയ്യോളി : നഗരസഭയുടെ ഇരിങ്ങലിൽ നിർമ്മിച്ച പകൽ വീട് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വയോജനങ്ങളുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നല്കുന്നതെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങളുടെ ക്ഷേമത്തിന് വികസിത രാജ്യങ്ങൾ നല്കുന്ന അതേ പരിഗണന തന്നെയാണ് ഇത്തരം രാജ്യങ്ങളിലെ ആരോഗ്യ നിലവാരത്തിന് സമാനമായ കേരളവും നല്കുന്നത്. നല്ല പ്രായത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ച് ജീവിത സായാഹ്‌നങ്ങളിൽ ഒന്നും ചെയ്യാനില്ലെന്ന തോന്നൽ ഒഴിവാക്കാനും, മക്കളിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട് കഴിയുന്നവർക്കും പകൽ വീട് വലിയ ആശ്വാസമാകും. ഇവരുടെ കഴിവ് വികസന പ്രവർത്തനത്തിന് മുതൽകൂട്ടാവും.
മുൻ എം.എൽ എ കെ.ദാസൻ്റെ ആസ്തി വികസന ഫണ്ടും ഇപ്പോഴത്തെ എം.എൽ എ കാനത്തിൽ ജമിലയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ചാണ് പകൽ വീട് പൂർത്തിയാക്കിയത് എന്നത് വികസന തുടർച്ചയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വ്യത്തിയോടെയാണ് നമ്മളെല്ലാം പരിപാടിക്ക് വന്നതെന്നും പക്ഷെ നാട് വ്യത്തിയാക്കാനുള്ള മനോഭാവം കാണിക്കുന്നില്ലെന്നും വലിച്ചെറിയാതിരിക്കാനുള്ള ഒരു ശീലമാറ്റം ഉയർന്നു വരണമെന്നും അതിനുള്ള പരിശ്രമം നടത്തണമെന്നും ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി ചടങ്ങിൽ അഭിപ്രായപ്പെട്ടു. മാലിന്യം വലിച്ചെറിഞ്ഞാൽ സ്പോട്ട് ഫൈൻ 5000 രൂപയും ജലാശയത്തിൽ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ 1 ലക്ഷം രൂപ പിഴ ചുമത്തുന്ന നിയമവും പ്രാബല്യത്തിലായെന്നും എം.ബി രാജേഷ് പറഞ്ഞു. 72 ലക്ഷം രൂപയാണ് എം എൽ എ മാരുടെ ആസ്തി വികസനഫണ്ടിൽ നിന്നും പകൽ വീട് പൂർത്തിയാക്കാൻ അനുവദിച്ചത്.
എം.എൽ എ കാനത്തിൽ ജമീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനിയർ വിനോദ് കുമാർ കെ.പി റിപ്പോർട്ട് അവതരിപ്പിച്ചു.മുൻ എം.എൽ എ കെ ദാസൻ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ മുഹമ്മദ് അഷ്റഫ്,മഹിജ എളോടി, പി.എം ഹരിദാസൻ , ഷെജ്മിന അസ്സയിനാർ,പി.എം റിയാസ് നഗരസഭ സെക്രട്ടറി വിജില എം കൗൺസിലർമാരായ ടി. ചന്തുമാസ്റ്റർ, ടി.അരവിന്ദാക്ഷൻ ,ചെറിയാ വി സുരേഷ് ബാബു, നിഷാ ഗിരീഷ് എന്നിവരും
പി.എം വേണുഗോപാൽ, പുത്തുക്കാട്ട് രാമകൃഷ്ണൻ, കെ.എം ശ്രീധരൻ, ഹുസൈൻ എം.പി, അനിൽ കുമാർ , രാജൻ കൊളാവിപ്പാലം , കെ. കെ കണ്ണൻ, എം. റഷീദ്, നിധീഷ് പി.വി, രാജേഷ് കൊമ്മണത്ത് വിജീഷ് ചാത്തോത്ത് എന്നിവരും സംസാരിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളി വളപ്പിൽ സ്വാഗതവും കൗൺസിലർ മഞ്ജുഷ ചെറുപ്പനാരി നന്ദിയും പറഞ്ഞു.