‘ബിജെപി ചേരിതിരിവിന് ശ്രമിച്ചതറിഞ്ഞപ്പോൾ വേദന തോന്നി’: കർണാടകയുടെ 15 ലക്ഷം നിരസിച്ച് അജീഷിന്റെ കുടുംബം

news image
Feb 26, 2024, 7:41 am GMT+0000 payyolionline.in

മാനന്തവാടി: കാട്ടാന ചവിട്ടിക്കൊന്ന പടമല പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകാമെന്ന കർണാടക സർക്കാരിന്റെ വാഗ്ദാനം കുടുംബം നിരസിച്ചു. തീരുമാനം രേഖാമൂലം കർണാടക സർക്കാരിനെ അറിയിക്കും. രാഹുൽ ഗാന്ധി എംപി അജീഷിന്റെ കുടുംബത്തെ സന്ദർശിച്ചതിനു ശേഷം കർണാടക സർക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക സർക്കാർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകുന്ന 15 ലക്ഷം രൂപ അജീഷിന്റെ കുടുംബത്തിനും നൽകാമെന്ന് അറിയിച്ചത്. കർണാടക വനംവകുപ്പ് ബേലൂരിൽനിന്നു മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ട ബേലൂർ മഖ്ന എന്ന മോഴയാനയാണ് അജീഷിനെ വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത്.

കർണാടകയുടെ ധനസഹായ പ്രഖ്യാപനത്തിനെതിരെ കർണാടകയിലെ മുഖ്യ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കുടുംബത്തിന്റെ തീരുമാനം. ‘‘ധനസഹായത്തിനായി ഇടപെട്ട രാഹുൽ ഗാന്ധി എംപിക്കും കർണാടക സർക്കാരിനും നന്ദി. ഡാഡി നഷ്ടപ്പെട്ട ഞങ്ങൾക്ക് ഒന്നും ഒരു പരിഹാരമല്ല. ഈ വേദനയ്ക്കിടയിൽ എല്ലാവരും ഒപ്പമുണ്ടാകുമെന്ന് കരുതി. പക്ഷേ കർണാടകയിലെ ബിജെപി ഇതിന്റെ പേരിൽ ചേരിതിരിവിന് ശ്രമിച്ചതറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. ഇതു മനുഷ്യത്വ രഹിതമായ നടപടിയായിപ്പോയി. ഈ സാഹചര്യത്തിൽ ഞങ്ങൾ ഈ പണം സ്നേഹപൂർവം നിരസിക്കുന്നു.’’– അജീഷിന്റെ കുടുംബം കത്തിലൂടെ അറിയിച്ചു. അജീഷിന്റെ കുടുംബം കത്തിലൂടെ അറിയിച്ചു.

 

അജീഷിന്റെ കുടുംബത്തിന് കേരള സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. കർണാടക സർക്കാർ സഹായം നൽകുന്നതിനെതിരെ ബിജെപി രംഗത്തെത്തിയതോടെ സംഭവം വിവാദമായിരുന്നു. വയനാട് സന്ദർശിച്ച കേന്ദ്ര വനംമന്ത്രി ഭൂേപന്ദർ യാദവ് ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe