കണ്ണൂർ: ഹൈകോടതി നിർദേശം കാറ്റിൽപറത്തി ലീഗൽ സർവിസസ് അതോറിറ്റികളിൽ കോടതി ജീവനക്കാരെ നിയമിക്കുന്നത് തുടരുന്നു. കോവിഡിന് ശേഷം കേസുകളുടെയും വിചാരണകളുടെയും എണ്ണം ഇരട്ടിച്ച സാഹചര്യത്തിൽ ജീവനക്കാരെ വർക്കിങ് അറേഞ്ച്മെന്റിൽ ലീഗൽ സർവിസസ് അതോറിറ്റികളിൽ നിയമിക്കുന്നത് കോടതിവ്യവഹാരങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.
നിയമപ്രകാരം നിയമസഭ സെക്രട്ടേറിയറ്റ്, നിയമവകുപ്പ്, സെക്രട്ടേറിയറ്റ് തുടങ്ങിയ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷനിലാണ് ജീവനക്കാരെ നിയമിക്കേണ്ടത്. ഒരു വർഷത്തേക്ക് നൽകുന്ന നിയമനം പുതുക്കുകയാണ് പതിവ്. നോഡൽ ഓഫിസർ, സെക്രട്ടറി, സെക്ഷൻ ഓഫിസർ, ക്ലർക്ക്, ടൈപ്പിസ്റ്റ്, ഓഫിസ് അസിസ്റ്റന്റ് തുടങ്ങിയ പോസ്റ്റുകളാണ് ഇത്തരത്തിൽ നികത്തുക. എന്നാൽ, ഡെപ്യൂട്ടേഷൻ നടക്കാതായതോടെ കോടതി ജീവനക്കാരെ വർക്കിങ് അറേഞ്ച്മെന്റിൽ നിയമിക്കുകയാണ്.
ഇതിനെതിരെ ഹൈകോടതി തന്നെ രംഗത്തെത്തിയിട്ടും കാര്യമുണ്ടായില്ല. കോടതി ജീവനക്കാരെ ഹൈകോടതിയുടെ സമ്മതമില്ലാതെ ലീഗൽ സർവിസസ് അതോറിറ്റികളിൽ നിയമിക്കരുതെന്നും നിലവിൽ ജോലിയിൽ തുടരുന്നവരെ തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട് ജില്ല ജഡ്ജിമാർക്കും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാർക്കും കഴിഞ്ഞവർഷം നിർദേശം നൽകിയിരുന്നു.
തൽസ്ഥിതി തുടർന്നതിനെ തുടർന്ന് ജനുവരിയിൽ വീണ്ടും ഹൈകോടതി ജോയന്റ് രജിസ്ട്രാർ ഉത്തരവിട്ടെങ്കിലും കോടതി ജീവനക്കാരുടെ നിയമനത്തിൽ മാറ്റമുണ്ടായില്ല. കോടതികളിലെ ക്ലറിക്കൽ, ഓഫിസ് അസിസ്റ്റന്റ് ജീവനക്കാരെയാണ് ലീഗൽ സർവിസസ് അതോറിറ്റികളിലേക്ക് മാറ്റുന്നത്. ഇ-ഫയലിങ് അടക്കമുള്ള പരിഷ്കാരങ്ങൾ വന്നതോടെ കോടതി ജീവനക്കാർക്ക് ജോലിഭാരമേറി. ആവശ്യത്തിന് ജീവനക്കാരില്ലാതെയാണ് നിലവിൽ കോടതികൾ പ്രവർത്തിക്കുന്നത്. ചില ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പതുവരെ ജോലിചെയ്യേണ്ട അവസ്ഥയാണ്.
നേരത്തെ സെക്രട്ടേറിയറ്റ് ജീവനക്കാരെയാണ് പ്രധാനമായും ലീഗൽ സർവിസസ് അതോറിറ്റികളിൽ ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നത്. ഭരണതലത്തിലെ ഇടപെടലിനെ തുടർന്നാണ് ഡെപ്യൂട്ടേഷൻ നടക്കാത്തതെന്നാണ് വിവരം. ലീഗൽ സർവിസസ് അതോറിറ്റികളിൽ ഒരു സ്ഥിര ജീവനക്കാരനുണ്ടെങ്കിലും കാര്യങ്ങൾ നടന്നുപോകുമെന്ന് നിയമമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
റിട്ട. ജഡ്ജിമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ചും കാര്യങ്ങൾ നടത്താം. സഹായിക്കാനായി പാരാ ലീഗൽ വളന്റിയർമാരുമുണ്ട്. സൗജന്യ നിയമസഹായ കേന്ദ്രങ്ങൾ, മധ്യസ്ഥത, നഷ്ടപരിഹാരം, നിയമ ബോധവത്കരണം തുടങ്ങിയവയാണ് ലീഗൽ സർവിസസ് അതോറിറ്റികളിലെ പ്രധാന പ്രവർത്തനങ്ങൾ. സംസ്ഥാനത്ത് 14 ജില്ലകളിലും താലൂക്കുകളിലും ലീഗൽ സർവിസസ് അതോറിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.