ടി.പി കേസ്: കുറ്റവാളികൾ ഹൈകോടതിയിൽ ഹാജരാവും

news image
Feb 26, 2024, 1:36 am GMT+0000 payyolionline.in

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ദിവസങ്ങൾക്കുമുമ്പ് കുറ്റക്കാരെന്നു കണ്ടെത്തിയ രണ്ടുപേരുൾപ്പെടെയുള്ള പ്രതികൾ തിങ്കളാഴ്ച ഹൈകോടതിയിൽ ഹാജരാവും. കഴിഞ്ഞ തിങ്കളാഴ്ച ഹൈകോടതി കുറ്റക്കാരെന്നു വിധിച്ച പത്താം പ്രതി കെ.കെ. കൃഷ്ണൻ, 12ാം പ്രതി ജ്യോതി ബാബു എന്നിവരടക്കമാണ് കോടതിക്കു മുന്നിലെത്തുക.

ഇവരെയും ഒന്നുമുതൽ എട്ട് വരെ പ്രതികളെയും പതിനൊന്നാം പ്രതിയെയും രാവിലെ 10.15ന് ഹൈകോടതിയിൽ ഹാജരാക്കണമെന്ന് കണ്ണൂർ, തവനൂർ ജയിൽ സൂപ്രണ്ടുമാരോട് കോടതി നിർദേശിച്ചിരുന്നു. കൃഷ്ണന്‍റെയും ജ്യോതിബാബുവിന്‍റെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധിക്കുക. ഇതും തിങ്കളാഴ്ചതന്നെ ഉണ്ടായേക്കാം.

ഒന്നുമുതൽ എട്ടുവരെ പ്രതികളുടെയും 11ാം പ്രതിയുടെയും ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യത്തിൽ ഇവരെ കേൾക്കാനായാണ് ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത്. ഒന്നുമുതൽ അഞ്ചുവരെ പ്രതികളെയും ഏഴാം പ്രതിയെയും ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തിയതിന്‍റെ തുടർ നടപടികളും ഇതോടൊപ്പമുണ്ടാകും. ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കാൻ പ്രബേഷൻ ഓഫിസറുടെ റിപ്പോർട്ട്, ജയിൽ സൂപ്രണ്ടുമാരുടെ റിപ്പോർട്ട്, പ്രതികളുടെ മാനസികാരോഗ്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് എന്നിവ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

സി.ബി.ഐ ഏറ്റെടുക്കാത്തതിനു പിന്നിൽ അന്തർധാര -മുല്ലപ്പള്ളി

കോഴിക്കോട്: സി.പി.എം- ബി.ജെ.പി അന്തർധാര കാരണമാണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് സി.ബി.ഐ ഏറ്റെടുക്കാത്തതെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് അന്വേഷണം സി.ബി.ഐക്ക് വിട്ടിരുന്നു. പക്ഷേ, ഏറ്റെടുക്കാൻ തയാറായിട്ടില്ല.

സി.ബി.ഐ നിഷ്പക്ഷമായി അന്വേഷിച്ചാൽ പല വൻ സ്രാവുകളും കുടുങ്ങും. കേസിലെ ഗൂഢാലോചന വെളിപ്പെട്ടിട്ടില്ല. കേസിൽ പ്രതിയായിരുന്ന കുഞ്ഞനന്തന്റെ മരണത്തെക്കുറിച്ച് മുസ്‍ലിം ലീഗ് നേതാവ് കെ.എം. ഷാജി ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണ്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോടു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe