ആലുവയിൽ കുട്ടിയെ ഇടിച്ച് നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിൽ; യുവതിയെയും പ്രതിചേര്‍ക്കും

news image
Feb 14, 2024, 2:38 pm GMT+0000 payyolionline.in

കൊച്ചി: ആലുവയിൽ റോഡിലേക്ക് തെറിച്ച് വീണ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിൽ. നെടുമ്പാശ്ശേരി സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. സംഭവത്തിൽ കാർ ഉടമയായ യുവതിയെയും പ്രതി ചേർക്കും. അതേസമയം, അപകടത്തിൽ പരുക്കേറ്റ കുട്ടി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. അപകടമുണ്ടാക്കിയ കാർ കണ്ടെത്തുന്നതിൽ ആലുവ ഈസ്റ്റ് പൊലീസ് നിസ്സംഗത കാട്ടിയെന്ന് ബന്ധുക്കളുടെ പരാതി വാർത്തയായതോടെയാണ് 24 മണിക്കൂറിന് ശേഷം  പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്. കങ്ങരപ്പടയിൽ നിന്നാണ് ഈസ്റ്റ് പൊലീസ് കാർ പിടിച്ചെടുത്തത്. തൃക്കാക്കരയിലെ രഞ്ജിനിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.

അപകടം സംഭവിച്ചപ്പോൾ കാർ ഓടിച്ചത് രഞ്ജിനിയുടെ സുഹൃത്തും നെടുമ്പാശ്ശേരി സ്വദേശിയുമായ ഷാൻ ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടി കാറിനടയിൽപ്പെട്ടത് ശ്രദ്ധിച്ചില്ലെന്നാണ് ഷാൻ മൊഴി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. കാറിൽ ഉടമയായ രഞ്ജിനിയുമുണ്ടായിരുന്നു. ഇവരെയും പ്രതിയാക്കും. അതേസമയം അപകടത്തിൽ പെട്ട കാർ കണ്ടെത്താൻ ആലുവ പൊലീസ് ആദ്യ ദിവസം സഹായിച്ചില്ലെന്ന ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്ന് ഡിവൈഎസ് പി വ്യക്തമാക്കി.

അച്ഛനൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെയാണ് ഇന്നലെ കുട്ടമശ്ശേരിയിൽ വെച്ച് 7 വയസുകാരൻ റോഡിലേക്ക് തെറിച്ച് വീണത്. പിന്നീലെയെത്തിയ കാർ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി നിർത്താതെ പോകുകയായിരുന്നു. പരിക്കേറ്റ കുട്ടിയുടെ കരൾ, വൃക്ക അടക്കമുള്ള ആന്തരീകാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. കുട്ടി നിലവിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe