കൊച്ചി: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഫേസ്ബുക്കിൽ ഗോദ്സെ അനുകൂല പരാമർശം നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന കോഴിക്കോട് എൻ.ഐ.ടി അധ്യാപികയുടെ ഹരജി ഹൈകോടതി തള്ളി. കേസിന് കാരണമായ ഫേസ്ബുക്ക് കമന്റിടാൻ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം ഹാജരാക്കാൻ കുന്നമംഗലം പൊലീസ് നൽകിയ നോട്ടീസ് ചോദ്യംചെയ്ത് ഷൈജ ആണ്ടവൻ (എ. ഷൈജ) നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്.
കേസ് നേരിടുന്നയാളെത്തന്നെ സാക്ഷിയാകാൻ നിർബന്ധിക്കരുതെന്ന ഭരണഘടനയുടെ 20(3) വകുപ്പിന്റെ ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. എന്നാൽ, ഹരജി പരിഗണനക്കെടുത്തപ്പോൾ ഇതിലെ ആവശ്യങ്ങളുമായി മുന്നോട്ടുപോകുന്നില്ലെന്ന് ഇവർ അറിയിക്കുകയായിരുന്നു.
ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിന് താഴെ ഷൈജ രേഖപ്പെടുത്തിയ കമന്റാണ് പരാതിക്കിടയാക്കിയത്. ‘ഇന്ത്യയെ രക്ഷിച്ചതിന് ഗോദ്സെയെക്കുറിച്ച് അഭിമാനമുണ്ട്’എന്നായിരുന്നു പരാമർശം. ഇതിനെതിരെ എസ്.എഫ്.ഐ അടക്കം പൊലീസിൽ പരാതി നൽകി. തുടർന്ന് കേസെടുത്ത കുന്നമംഗലം പൊലീസ്, ഷൈജയെ ചോദ്യംചെയ്തിരുന്നു.