ചാത്തമംഗലം: ഗോദ്സെയെ പുകഴ്ത്തി ഫേസ്ബുക്കിൽ കമന്റിട്ട എൻ.ഐ.ടി മെക്കാനിക്കൽ എൻജിനീയറിങ് പ്രഫസർ ഷൈജ ആണ്ടവനെ ഹാജരാക്കാൻ നിർദേശം. തിങ്കളാഴ്ച കുന്ദമംഗലം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എൻ.ഐ.ടിയിൽ എത്തിയാണ് രജിസ്ട്രാർ ഡോ. ശാംസുന്ദരക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകിയത്.
എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ടി.എം. അശ്വിൻ നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പ്രഫസറിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനാണ് പൊലീസ് തിങ്കളാഴ്ച എൻ.ഐ.ടിയിൽ എത്തിയത്. എന്നാൽ, പ്രഫസർ അവധിയിലായതിനാൽ ഇതിന് കഴിഞ്ഞില്ല. തുടർന്നാണ് രജിസ്ട്രാർക്ക് നോട്ടീസ് നൽകിയത്. പ്രഫസറുടെ പ്രാഥമിക വിവരങ്ങൾ രജിസ്ട്രാറിൽനിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, ഷൈജ ആണ്ടവനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ചൊവ്വാഴ്ച എസ്.എഫ്.ഐയും അടുത്തദിവസങ്ങളിൽ യൂത്ത് കോൺഗ്രസ്, എം.എസ്.എഫ് സംഘടനകളും എൻ.ഐ.ടിയിലേക്ക് മാർച്ച് നടത്തുന്നുണ്ട്.
ഇതിനിടെ, എൻ.ഐ.ടിയിൽ ഭൂപടം വികലമാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട വൈശാഖിന്റെ അപ്പീലിൽ തീരുമാനം എടുക്കുന്നതിന് സെനറ്റിന് വിട്ടു. വൈശാഖിന്റെ സസ്പെൻഷൻ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.