കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ സഹോദരനടക്കം ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ ബാബുവിന് വധശിക്ഷ. സഹോദരന്റെ മകളായ സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതക കേസുകളിൽ ഇരട്ട ജീവപര്യന്തവും തടവും പ്രതി അനുഭവിക്കണമെന്നും എറണാകുളം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. കേസിലെ വിവിധ വകുപ്പുകളിൽ നാലു ലക്ഷത്തി പതിനായിരം രൂപ പിഴയുമൊടുക്കണം. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
മൂക്കന്നൂർ സ്വദേശിയായ ശിവൻ, ഭാര്യ വത്സല, മകൾ സ്മിത എന്നിവരെയാണ് ബാബു കൊലപ്പെടുത്തിയത്. 2018 ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം. ബാബുവിന്റെ സഹോദരനാണ് ശിവൻ. അക്രമം തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ട ക്കുട്ടികളെയും ബാബു വെട്ടിപ്പരിക്കേൽപ്പിച്ചു. കൃത്യത്തിന് ശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തിൽ സ്കൂട്ടറുമായി ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി മറ്റൊരു സഹോദരന്റെ ഭാര്യയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ പിന്നീട് പിൻമാറുകയായിരുന്നു.