കീവ് : ബുധൻ രാവിലെ റഷ്യയിലെ ബെൽഗൊറോഡിന് സമീപം തകർന്നുവീണ റഷ്യൻ യുദ്ധവിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. യുദ്ധത്തടവുകാരായി പിടികൂടിയ 65 ഉക്രയ്ൻ സൈനികരുമായി പോയ വിമാനമാണ് തകർന്നത്. ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 74 പേരും കൊല്ലപ്പെട്ടു. ഉക്രയ്ൻ ആക്രമണത്തിലാണ് വിമാനം തകർന്നതെന്ന് റഷ്യ ആരോപിച്ചിരുന്നു. ഫ്ലൈറ്റ് റെക്കോഡുകൾ പരിശോധിച്ച് കൃത്യമായ വിവരം പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് റഷ്യ.
ബുധനാഴ്ച യുദ്ധത്തടവുകാരുടെ കൈമാറ്റം നിശ്ചയിച്ചിരുന്നതായും ഇത് പിന്നീട് റദ്ദാക്കിയെന്നും ഉക്രയ്ൻ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം സംബന്ധിച്ച ആരോപണത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ, വിമാനത്തിൽ ആരാണ് ഉണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നെന്നും തടവുകാരെ കൈമാറുന്നതിനായി സുരക്ഷിത യാത്രയ്ക്ക് റഷ്യ അനുമതി തേടിയിരുന്നില്ലെന്നും ഉക്രയ്ൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു.