അയോധ്യ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ബിജെപി മുതിര്‍ന്ന നേതാവായ എൽ കെ അദ്വാനി പങ്കെടുക്കുന്നില്ല. അതിശൈത്യമായതിനാലാണ് അദ്ദേഹം ചടങ്ങിനെത്താത്തതെന്നാണ് വിവരം. ചടങ്ങിലേക്ക് അദ്വാനി എത്തുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാർധക്യ സഹജമായ പ്രശ്നങ്ങളാൽ ഇരുവരോടും ചടങ്ങിൽ പങ്കെടുക്കരുതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിരുന്നു. അയോധ്യയിലേക്ക് രഥയാത്ര നടത്താൻ മുന്നിൽ നിന്ന നേതാക്കളോട് ചടങ്ങിന് വരരുതെന്ന് പറഞ്ഞത് ഏറെ വിവാദമായി മാറി. തുടർന്ന് ഇരുനേതാക്കളെയും വീട്ടിലെത്തി ക്ഷണിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ അറിയിച്ചരുന്നു.ചടങ്ങിൽ പങ്കെടുക്കാമെന്ന് അദ്വാനി ഉറപ്പ് നൽകിയതായും വിഎച്ച്പി അറിയിച്ചു.
അദ്വാനിയും മുരളീമനോഹർ ജോഷിയും പ്രായാധിക്യത്താലുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം ചടങ്ങിന് വരേണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആവശ്യപ്പെട്ടിരുന്നു. ചടങ്ങിൽ ഇരുവരും പങ്കെടുക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീരാമജന്മഭൂമി മൂവ്മെന്റിന് വിഎച്ച്പിക്കൊപ്പം മുൻനിരയിലുണ്ടായിരുന്ന നേതാക്കളാണ് ഇരുവരും. ബാബരി മസ്ജിദ് ധ്വംസനക്കേസിൽ ഇരുവരെയും സിബിഐ സ്പെഷ്യൽ കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. 96 വയസായ അദ്വാനി ഇപ്പോൾ വിശ്രമത്തിലാണ്. 90 പിന്നിട്ട എംഎം ജോഷിയും ഇപ്പോൾ സജീവ രാഷ്ട്രീയത്തിലില്ല.