ഊട്ടിയിൽ കടുത്ത തണുപ്പ്, താപനില പൂജ്യം ഡി​ഗ്രിക്കടുത്ത്; ആശങ്ക

news image
Jan 18, 2024, 1:53 pm GMT+0000 payyolionline.in

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയിൽ കടുത്ത തണുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ താപനില പൂജ്യം ഡി​ഗ്രിയിലേക്ക് താഴ്ന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മൂടൽമഞ്ഞ് കാരണം പലയിടത്തും ആളുകൾക്ക് ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല. താപനില ക്രമാതീതമായി താഴുന്നത് പ്രദേശവാസികളുടെ ആരോ​ഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഈ സമയത്ത് ഇത്രയും തണുപ്പ് ഊട്ടിയിൽ സാധാരണ ഉണ്ടാകാറില്ലെന്നും പറയുന്നു. തണുപ്പും വരണ്ട കാലാവസ്ഥയും അസാധാരണമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

പലയിടത്തും ആളുകൾ തീകൂട്ടി ചുറ്റും ഇരുന്നു ചൂട് പിടിച്ചാണ് തണുപ്പിനെ പ്രതിരോധിക്കുന്നത്.  ഔദ്യോഗിക കണക്കുകൾ പ്രകാരം കാന്തലിലും തലൈകുന്തയിലും 1 ഡിഗ്രി സെൽഷ്യസ് താപനിലയും ബൊട്ടാണിക്കൽ ഗാർഡനിൽ  ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. സാൻഡിനല്ലയിൽ മൂന്ന് ഡി​ഗ്രിയും രേഖപ്പെടുത്തി. അപ്രതീക്ഷിതമാ‌ കൊടും തണുപ്പിൽ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ആശങ്കയിലാണ്. ആഗോളതാപനവും എൽ-നിനോ പ്രഭാവവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എൻവിറോമെന്റ് സോഷ്യൽ ട്രസ്റ്റിലെ (നെസ്റ്റ്) വി ശിവദാസ് പറയുന്നു.

ഇത്തവണ തണുപ്പ് തുടങ്ങാൻ വൈകിയെന്നും ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനം നീലഗിരിക്ക് വലിയ വെല്ലുവിളിയാണെന്നും ഇതേക്കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന വരുമാന മാർ​ഗമായ  തേയിലത്തോട്ടവും വെല്ലുവിളികൾ നേരിടുന്നു. ഡിസംബറിലെ കനത്ത മഴയും തുടർന്നുള്ള തണുപ്പും തേയിലത്തോട്ടത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഉടമകളും തൊഴിലാളികളും. ഊട്ടിയിലെ പച്ചക്കറി കൃഷിയെയും അതിശൈത്യം പ്രതികൂലമായി ബാധിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe