പഞ്ചാബിൽ മുഴുവൻ സീറ്റിലും വിജയിക്കും; കോൺഗ്രസുമായുള്ള സീറ്റ് ചർച്ചക്കിടെ മുഖ്യമന്ത്രി ഭഗവന്ത് മൻ

news image
Jan 17, 2024, 11:06 am GMT+0000 payyolionline.in

ന്യൂഡൽഹി: പഞ്ചാബിലെ മു​ഴുവൻ സീറ്റിലും വിജയിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ. 13 ലോക്സഭ സീറ്റുകളിലും വിജയിക്കുമെന്നാണ് ഭഗവന്ത് മൻ അവകാശപ്പെട്ടിരിക്കുന്നത്. പഞ്ചാബിലും ഡൽഹിയിലും സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് കോൺഗ്രസും എ.എ.പിയും തമ്മിൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഭഗവന്ത് മന്നിന്റെ പ്രസ്താവന.

ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങളിൽ കോൺഗ്രസും എ.എ.പിയും ഒറ്റക്ക് മത്സരിക്കുമെന്നാണ് കഴിഞ്ഞ വർഷം ഇരു പാർട്ടികളും അറിയിച്ചത്. എന്നാൽ, ഇൻഡ്യ സഖ്യത്തിൽ നടക്കുന്ന ചർച്ചകൾ പ്രകാരം ഇരുപാർട്ടികളും സീറ്റ് പങ്കിടുന്നതിനെ കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഫോണിൽ സംസാരിച്ചിരുന്നു.

ഛണ്ഡിഗഢിൽ മേയർ തെരഞ്ഞെടുപ്പിൽ പരസ്പരം സഹകരിക്കാൻ ആം ആദ്മി പാർട്ടിയും കോൺഗ്രസും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം മേയർ സ്ഥാനാർഥിയായി എ.എ.പിയിലെ കുൽദീപ് കുമാർ ടീറ്റ മത്സരിക്കും. കോൺഗ്രസിലെ ഗുർപ്രീത് സിങ് ഗാബിയും നിർമല ദേവിയും സീനിയർ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും. 35 അംഗ ഛണ്ഡിഗഢ് മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലിൽ ബി.ജെ.പിക്ക് 14 അംഗങ്ങളാണുള്ളത്. എ.എ.പിക്ക് 13 കൗൺസിലർമാരുണ്ട്. കോൺഗ്രസിന് ഏഴ് പേരും ശിരോമണി അകാലിദള്ളിനും ഒരാളുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe