പന്തളം: മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ അടങ്ങിയ പേടകങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു. വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഘോഷയാത്ര കൊട്ടാരം കുടുംബാംഗത്തിന്റെ മരണത്തെ തുടർന്നുള്ള ആചാരപരമായ കാരണങ്ങളാൽ സമീപത്തു പ്രത്യേകം തയ്യാറാക്കിയ പന്തലിൽനിന്നാണ് ആരംഭിച്ചത്. ശനി രാവിലെ ഏഴോടെ തിരുവാഭരണ പേടകങ്ങൾ പന്തലിൽ എത്തിച്ചു. ഏഴുമുതൽ തന്നെ പേടകങ്ങൾ കാണാനുള്ള അവസരം നൽകി. പകൽ 12ഓടെ പേടകവാഹകസംഘം എത്തി. ഒന്നിന് ഘോഷയാത്ര പുറപ്പെട്ടു. കുളനട ദേവീക്ഷേത്രത്തിൽ ദർശനത്തിനായി പേടകങ്ങൾ തുറന്നുവച്ചു. പിന്നീട് ഘോഷയാത്ര തുടർന്നു. തിങ്കൾ വൈകിട്ട് സന്നിധാനത്ത് എത്തിച്ചേരും. തുടർന്ന് മകരവിളക്കിന് ആഭരണങ്ങൾ ചാർത്തിയാണ് ദീപാരാധന.
പന്തളത്ത് നാല് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 220 അംഗ പൊലീസ് സേന സുരക്ഷ ഒരുക്കി. പത്തനംതിട്ട എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് എം സി ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ സായുധസേനയുടെ സുരക്ഷയിലാണ് തിരുവാഭരണ യാത്ര മുന്നോട്ടുപോകുന്നത്. പ്രമോദ് നാരായൺ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ ജി സുന്ദരേശൻ, എ അജികുമാർ, മുൻ പ്രസിഡന്റ് എ പത്മകുമാർ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ, കലക്ടർ എ ഷിബു എന്നിവർ പങ്കെടുത്തു.
അധികമായി 1000 പൊലീസുകാരെ വിന്യസിക്കും
മകരവിളക്കിന് സുരക്ഷ ഉറപ്പാക്കാൻ അധികമായി ആയിരം പൊലീസ് ഉദ്യോഗസ്ഥരെകൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് പറഞ്ഞു. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്‌പിമാർ, 19 ഡിവൈഎസ്‌പിമാർ, 15 ഇൻസ്പെക്ടർമാർ അടക്കമാണ് ആയിരംപേരെ അധികമായി നിയോഗിച്ചത്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് ഉത്സവം സുഗമമായി നടത്താൻ വേണ്ട ക്രമീകരണങ്ങൾ എല്ലാം പൊലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്നവർക്കായി കൃത്യമായ എക്സിറ്റ് പ്ലാൻ ഒരുക്കി. കൃത്യമായ ഏകോപനത്തോടെയാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം കോംപ്ലക്സിൽ നടന്ന അവലോകനയോഗത്തിനുശേഷം സന്നിധാനത്തും പരിസരത്തും പൊലീസ് മേധാവി സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ശബരിമല തന്ത്രി, മേൽശാന്തി എന്നിവരെയും കണ്ടു.
ദക്ഷിണമേഖല ഐജി സ്പർജൻ കുമാർ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്, ശബരിമല സ്പെഷ്യൽ ഓഫീസർ എസ് സുജിത് ദാസ്, എഎസ്ഒ ആർ പ്രതാപൻനായർ, എസ്‌പിമാരായ തപോഷ് ബസുമതാരി, ഷാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.