ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടിയായി മുൻ കേന്ദ്രമന്ത്രിയുടെ രാജി. മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടുവെന്നാണ് പുതിയ വിവരം. സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മിലിന്ദിൻ്റെ രാജി. തന്റെ 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ദേവ്റ അറിയിച്ചു.അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും.
ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ യാത്ര നടത്തുക. രാവിലെ പതിനൊന്നോടെ ഇംഫാലിൽ എത്തുന്ന രാഹുൽ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടിക്ക് സർക്കാർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഥൗബലിൽ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക. മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.